രാഷ്‌ട്രത്തിന് സഹായകമാകുന്ന വിധത്തിൽ മുസ്‌ലിം അസ്‌തിത്വം സംരക്ഷിക്കും; കാന്തപുരം

ദേശീയ തലത്തിൽ മുസ്‌ലിം സാമുദായിക അസ്‌തിത്വംസംരക്ഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സമസ്‌ത നൂറാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം കാസർഗോഡ് ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കാന്തപുരം.

By Desk Reporter, Malabar News
Samastha 100 Years News
Ajwa Travels

കാസർഗോഡ്: (Samastha 100 Anniversary) മതേതര ജനാധിപത്യ രാഷ്‌ട്രത്തിന്റെ നിലനിൽപിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തിൽ ഇന്ത്യയിലെ മുസ്‌ലിം സാമുദായിക അസ്‌തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം നൽകുമെന്ന് സമസ്‌ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

ഇതിനായി വിവിധ സംസ്‌ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി ചേർന്നുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് സമസ്‌തയും ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുംതുടക്കം കുറിച്ചിട്ടുണ്ട്. സമസ്‌തയുടെ നിലപാടുകളും തീരുമാനങ്ങളും സമൂഹത്തിൽ പൊതുവായും സമുദായത്തിൽ സവിശേഷമായും വലിയ സ്വാധീനം ഉണ്ടാക്കിയത് ചരിത്രത്തിൻ്റെ ഭാഗമാണ്., കാന്തപുരം സമ്മേളനത്തിൽ പറഞ്ഞു.

Samastha 100 Years News

ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിച്ച സലഫി-ജമാഅത്തെ ഇസ്‌ലാമി പ്രസ്‌ഥാനങ്ങളെ മുൻകാലത്തെന്ന പോലെ ഇനിയും ശക്‌തമായിത്തന്നെ പ്രതിരോധിക്കും. ആദർശപരമായി അഹ്‌ലുസുന്നയുടെ വിശ്വാസമായ തൗഹീദാണ് സമസ്‌ത പ്രചരിപ്പിക്കുന്നത്. മുസ്‌ലിം സമുദായത്തെ അഭ്യന്തര ഛിദ്രതകളിൽ നിന്ന് സംരക്ഷിക്കുക,സമൂഹത്തിലെ തീവ്രവാദ-വർഗീയ പ്രവണതകളെ ചെറുക്കുക എന്നിവ സമസ്‌തയുടെ അടിസ്‌ഥാന ലക്ഷ്യങ്ങളിൽ പെടുന്നവയാണ്. ഇതിനു വേണ്ടി സമസ്‌ത നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ മുസ്‌ലിം സമുദായത്തിന്റെ ശാക്‌തീകരണത്തിന് വഴിയൊരുക്കിയത്. സാമൂഹിക വികസന സൂചികകളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്നതിന് കേരളത്തെ പ്രാപ്‌തമാക്കുന്നതിൽ മുസ്‌ലിം സമുദായം നേടിയ ഈ മുന്നേറ്റം വലിയ പങ്ക് വഹിച്ചിട്ടുണ്ട്., കാന്തപുരം വിശദീകരിച്ചു.

സമസ്‌തയുടെ നിശ്‌ചയ ദാർഢ്യത്തിന്റെ സൃഷ്‌ടിയാണ്‌ കേരളത്തിലെ മതഭൗതിക വിദ്യാഭ്യാസ പുരോഗതി. ഈ മാതൃക പിന്തുടർന്ന് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളിലും സമസ്‌ത നടത്തികൊണ്ടിരിക്കുന്നത്. രാജ്യമൊട്ടാകെ അതിന്റെ നേട്ടങ്ങൾ കൈവന്നു കൊണ്ടിരിക്കുകയാണ്. കശ്‌മീരിൽ ഞങ്ങൾ നടത്തികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾ അതിന്റെ മികച്ച ഉദാഹരണമാണ്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നടത്തിവരുന്ന വിദ്യാഭ്യാസ-വികസന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രസ്‌ഥാനത്തിന്റെ അടുത്ത മൂന്ന് വർഷത്തെ പ്രധാന ശ്രദ്ധ. വിവിധ സർക്കാർ-സർക്കാരിതര ഏജൻസികളുമായി ഇക്കാര്യത്തിൽ യോജിച്ചു പ്രവർത്തിക്കാൻ ശ്രമിക്കും., കാന്തപുരം പറഞ്ഞു.

Samastha 100 Years News

സമസ്‌തയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിറകെ പോയിരുന്നെങ്കിൽ ഇക്കാണുന്ന നേട്ടങ്ങളൊന്നും കേരളീയ സമൂഹത്തിനോ രാജ്യത്തെ മറ്റു മേഖലകളിലെ ജനങ്ങൾക്കോ ഉണ്ടാകില്ലായിരുന്നു. തർക്കങ്ങളും വാഗ്വാദങ്ങളുമല്ല സമസ്‌തയുടെ പ്രവർത്തന രീതി. ആത്‌മീയമായ ഔന്നിത്യവും ക്ഷേമോൻമുഖമായ ജീവിതവും കൈവരിക്കാൻ വിശ്വാസികളെ പ്രാപ്‌തരാക്കുക എന്ന വലിയ ലക്ഷ്യമാണ് സമസ്‌തയുടേത്. അത് പൂർത്തീകരിക്കാൻ വേണ്ടി പ്രവർത്തിക്കുക എന്നുള്ളതാണ് എന്റെയും പ്രസ്‌ഥാനത്തിന്റെയും ലക്ഷ്യം. ഒരേ വിശ്വാസപാതയിലുള്ളവർ പരസ്‌പരം അനാവശ്യ വിമർശനങ്ങളും വാഗ്വാദങ്ങളും നടത്തുന്നത് ഉചിതമാണോ എന്ന് എല്ലാവരും ആലോചിക്കണം. ഞങ്ങൾ എന്നും സുന്നികളുടെ ഐക്യത്തിന് ആഗ്രഹിക്കുന്നവരാണ്. സമസ്‌തയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്നുകൊണ്ട് അതിനായി തുടർന്നും പ്രവർത്തിക്കും. ജൻമനാടിന് വേണ്ടിയും മസ്‌ജിദുൽ അഖ്‌സയുടെ സംരക്ഷണത്തിനായും പൊരുതുന്ന ഫലസ്‌തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം അവർക്കുവേണ്ടി ഈ സമ്മേളനം പ്രാർഥിക്കുകയും ചെയ്യുന്നു., കാന്തപുരം പറഞ്ഞു.

Samastha 100 Years News

ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിൽ സമസ്‌ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനനയോടെയാണ് പ്രഖ്യാപന സമ്മേളനത്തിന് തുടക്കമായത്. സമസ്‌ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടിമാരായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സുന്നി യുവജനസംഘം സംസ്‌ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്‌ഹരി, വൈസ് പ്രസിഡന്റ് റഹ്‌മത്തുല്ല സഖാഫി എളമരം, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ വിവിധ പ്രമേയങ്ങളിൽ പ്രഭാഷണം നടത്തി. കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. കേന്ദ്ര മുശാവറ അംഗം വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

MOST READ | നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു

COMMENTS

  1. സത്യസന്ധമായി സമസ്ത നൂറാം വാർഷിക പ്രഖ്യാപനം റിപ്പോർട്ട് ചെയ്തു.
    മൂല്യവത്തായ റിപ്പോർട്ടിംഗ് .
    സന്തോഷം …..

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE