ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ഇടുക്കിയിൽ രാവിലെ മുതൽ മഴ മാറി നിൽക്കുകയാണ്. 2399.14 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. എന്നാൽ ഇടുക്കി ഡാമിൽ ഇപ്പോഴും റെഡ് അലർട് തന്നെയാണ്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.50 അടിയായി ഉയർന്നു. ഡാമിൽ നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്. ജലനിരപ്പ് 140 അടി കഴിഞ്ഞപ്പോൾ പെരിയാറിന്റെ തീരത്തുള്ളവർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. റൂൾ കർവ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായാൽ മുല്ലപ്പെരിയാർ തുറക്കും.
അടുത്ത രണ്ട് ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ലഭിക്കും. നാളെ വടക്കൻ കേരളത്തിൽ മഴ തുടരുമെന്നും അറിയിപ്പ് ഉണ്ട്.
Most Read: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ്; ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു