കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനായ നിഹാൽ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ. അതിദാരുണമായ, മനസ്സുലക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ അഭിപ്രായപ്പെട്ടു. എബിസി പദ്ധതിയുടെ നടത്തിപ്പിൽ വീഴ്‌ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കമ്മീഷൻ വ്യക്‌തമാക്കി.
‘കമ്മീഷന്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് ഇക്കാര്യത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ പരമാവധി ചെയ്യും. അതോറിറ്റിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. കുട്ടികളെ നായകൾ അക്രമിച്ചതുമായി ബന്ധപ്പെട്ട് വേറെ മൂന്ന് കേസുകൾ കൂടി കമ്മീഷന്റെ മുന്നിലുണ്ട്. ഇപ്പോൾ സുപ്രീം കോടതി മുമ്പാകെ പെൻഡിങ് ഉള്ള കേസിൽ കമ്മീഷൻ കൂടി കക്ഷിചേരുന്ന കാര്യം ആലോചിച്ചു തീരുമാനിക്കും’- കമ്മീഷൻ വ്യക്‌തമാക്കി.
ഞങ്ങളുടെ ആഗ്രഹം കുട്ടികളുടെ സംരക്ഷണമാണ്, പട്ടികളുടെ സംരക്ഷണമല്ല, കുട്ടികളാണ് സംരക്ഷിക്കപ്പെടേണ്ടത്. പൊതുജനങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. ആ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അധികാരപരിധിയിൽ നിന്നുകൊണ്ട് ശ്രമിക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടിയുടെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കണ്ണൂർ മുഴപ്പിലങ്ങാട് നിന്നു ഉയരുന്നത്. പ്രതിഷേധം ശക്‌തമായതോടെ ജില്ലാ പഞ്ചായത്ത് നായകളെ പിടികൂടാൻ പുനരാരംഭിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. അതിനിടെ, നിഹാൽ മരിച്ച ദാരുണ സംഭവത്തിൽ കോടതി ഇടപെടണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ ആവശ്യപ്പെട്ടു. അക്രമികളായ തെരുവുനായകളെ കൊല്ലാൻ അനുമതി വേണമെന്നാണ് പിപി ദിവ്യയുടെ ആവശ്യം.
Most Read: വിദ്യ സമർപ്പിച്ചത് വ്യാജരേഖ തന്നെ; ഒപ്പും സീലും വ്യത്യസ്‌തം- മഹാരാജാസിൽ തെളിവെടുപ്പ്