തീരാനൊമ്പരമായി നന്ദിത; റെയിൽവേ ട്രാക്കിലെ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

By News Desk, Malabar News

കണ്ണൂർ: റെയിൽവേ ഗേറ്റിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച വിദ്യാർഥിനി നന്ദിതയുടെ വേർപാട് താങ്ങാനാകാതെ നാട്ടുകാർ. അടച്ചിട്ട ഗേറ്റ് കടക്കുമ്പോഴുള്ള അപകടം അടുത്ത കാലത്തൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു. ചിറയ്‌ക്കൽ ആർപ്പാന്തോടിലെ റെയിൽവേ ഗേറ്റിൽ തിരക്കു കൂടുതലാണെങ്കിലും അപകടം വിരളമാണ്. അമ്മയും നാട്ടുകാരുമെല്ലാം നോക്കി നിൽക്കെയാണ് നന്ദിതയുടെ ദാരുണ മരണം.

പോസ്‌റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് അലവിൽ നുച്ചിവയലിലെ വസതിയിൽ എത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു. രാത്രി പള്ളിക്കുന്നുമ്പ്രം സമുദായ ശ്‌മശാനത്തിൽ സംസ്‌കാരം നടത്തി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സമയം വൈകിയതു മൂലം സ്‌കൂൾ ബസിൽ കയറാൻ കഴിയാത്തതിനാലാണ് റോഡിന് എതിർ‌വശത്തുള്ള ബസ് പിക്കപ് പോയിന്റിലേക്ക് നന്ദിത വേഗത്തിലോടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ബസ് വിട്ടു പോയതിനാൽ ഓട്ടോയിൽ സ്‌കൂളിൽ പോകേണ്ടി വന്നിരുന്നു. മംഗളൂരു ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്‌പ്രസ് ഇടിച്ചാണ് അപകടമുണ്ടാകുന്നത്. നിസാമുദ്ദീൻ എക്‌സ്‌പ്രസ് കടന്നു പോയപ്പോൾ ട്രെയിൻ പോയിക്കഴിഞ്ഞതായി തെറ്റിദ്ധരിച്ചാണു വിദ്യാർഥിനി പാളം മുറിച്ചു കടന്നതെന്നു സംശയിക്കുന്നതായി സംഭവസ്‌ഥലത്തുണ്ടായിരുന്ന ആളുകൾ പറയുന്നു.

നന്ദിതയുടെ ബാഗ് ട്രെയിനിന്റെ വശത്ത് ഇടിച്ചതിനെ തുടർന്നാണു ദൂരേക്ക് തെറിച്ചുവീണത്. വീഴ്‌ചയിൽ സമീപത്തെ മതിലിൽ തല ശക്‌തമായി ഇടിച്ചു. അപകടസമയം ഗേറ്റ്‌മാൻ ക്യാബിന് അകത്തായിരുന്നു. അതിനാൽ വിദ്യാർഥികൾക്കു മുന്നറിയിപ്പ് നൽകാനോ തടയാനോ സാധിച്ചില്ല.

ശ്രദ്ധിക്കാം, അപകടങ്ങൾ ഒഴിവാക്കാം

അലാം മുഴങ്ങുന്നത് ആരംഭിച്ചാലും ഗേറ്റ് തുറക്കുന്നതു വരെ വാഹനങ്ങളോ ആളുകളോ പാത കുറുകെ കടന്നുപോകാൻ പാടില്ല. അലാം മുഴങ്ങിത്തുടങ്ങിയാൽ വാഹനങ്ങൾ ധൃതിപ്പെട്ടു കടക്കുന്നത് ഒഴിവാക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. രണ്ടു പാളങ്ങളിലൂടെയും ട്രെയിനുകൾ കടന്നു പോകുന്നതിനാൽ ഒരു പാളത്തിലൂടെ ട്രെയിൻ കടന്നു പോയതിനു ശേഷം ആളുകൾ പാളം മുറിച്ചുകടക്കാൻ പാടില്ല.

കുട്ടികൾ സൈക്കിളുകളുമായി കടന്നു പോകുന്ന കാഴ്‌ചകളും ശ്രദ്ധയിൽപ്പെടുന്നുണ്ട്. രക്ഷിതാക്കൾ കുട്ടികളെ ഇക്കാര്യത്തിൽ ബോധവാൻമാരാക്കണമെന്ന് കണ്ണൂർ സ്‌റ്റേഷൻ മാനേജർ എസ് സജിത്ത്കുമാർ പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിച്ച് പാളത്തിന് അരികിലൂടെ നടന്നു പോകുന്നതും പാളത്തിലും അരികിലും നിന്ന് സെൽഫി എടുക്കുന്നതും ഒഴിവാക്കണം. പ്‌ളാറ്റ്‌ഫോമുകളിൽ വെള്ള വരക്ക് പുറത്തു മാത്രമേ ആളുകൾ നിൽക്കാൻ പാടുള്ളൂവെന്നും എല്ലായിടത്തും പാളത്തിൽ നിന്ന് 5 മീറ്റർ അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE