നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലീഗൽ ത്രില്ലർ ‘ഗരുഡൻ’ നാളെ തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിച്ച ചിത്രം അരുൺ വർമയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഹിറ്റ് ചിത്രമായ അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന സിനിമ കൂടിയാണ് ഗരുഡൻ.
നീതിക്കായുള്ള പോരാട്ട കഥയാണ് സിനിമ പറയുന്നതെന്നാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്ന വിവരം. ഗരുഡന്റെ ചിറകുകൾക്കിപ്പുറവും അപ്പുറവുമായി നിൽക്കുന്ന സുരേഷ് ഗോപിയും ബിജു മേനോനും ഇവരിൽ ആര് ജയിക്കുമെന്ന ഭാവം തോന്നിപ്പിക്കുന്ന വിധമാണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടെയും മാസ്‌മരിക പ്രകടനം പ്രേക്ഷകനെ ആവേശത്തിലാക്കുമെന്ന് ഉറപ്പാണ്.
നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതമാണ് സിനിമയുടെ പ്രമേയം. മൽസരിച്ചു അഭിനയിക്കുന്ന സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും പ്രകടനം തന്നെയാകും സിനിമയുടെ പ്രധാന ആകർഷണം. കേരള ആംഡ് പോലീസിന്റെ കമാൻഡൻറ് ഹരീഷ് മാധവനായാണ് സുരേഷ് ഗോപി എത്തുന്നത്.
നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോൻ കൈകാര്യം ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയുമുള്ള നിഷാന്ത് ഒരു ലീഗൽ പ്രശ്‌നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ഗരുഡന്റെ ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലും ആയാണ് പൂർത്തിയാക്കിയത്.
വൻ താരനിരതന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. അഭിരാമിയാണ് ചിത്രത്തിലെ നായിക. കൂടാതെ, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൻ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്‌ജിത്ത് കങ്കോൽ, ജെയ്‌സ് ജോസ്, മാളവിക ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്.
ജിനേഷ് എം ആണ് തിരക്കഥ ഒരുക്കിയത്. ജനഗണമന, കടുവ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്‌ക്‌സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. കോ-പ്രൊഡ്യൂസർ: ജസ്‌റ്റിൻ സ്‌റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്‌ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുത്താസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആർട്ട്: സുനിൽ കെ ജോർജ്, കോസ്‌റ്റ്യൂം: സ്‌റ്റെഫി സേവ്യർ, പിആർഒ: മഞ്‌ഞു ഗോപിനാഥ്, മാർക്കറ്റിങ്: ബിനു ബ്രിങ് ഫോർത്ത്, സ്‌റ്റിൽസ്: ശാലു പേയാട് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| മദ്യപാനത്തിന് സുരക്ഷിതമായ തോതില്ല