കരിപ്പൂര്‍ വിമാനത്താവളം; ചിറകരിയാന്‍ അനുവദിക്കില്ല, എസ് വൈ എസ്

By Desk Reporter, Malabar News
SYS stands for karipur Airport Protection _Malabar News
Ajwa Travels

മലപ്പുറം: കഴിഞ്ഞ 32 വര്‍ഷമായി പൊതുമേഖലയില്‍ മികച്ച രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ജനകീയ ചെറുത്തുനില്‍പ്പ് ഉണ്ടാകണമെന്ന് എസ് വൈ എസ് (സുന്നി യുവജന സംഘം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്ന ലോകോത്തര എയര്‍ലൈന്‍ കമ്പനികളായ എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്സ് തുടങ്ങിയ കമ്പനികള്‍ കരിപ്പൂരില്‍ എല്ലാ വിധ സുരക്ഷാ പരിശോധനകളും നടത്തിയതാണ്. ഇവിടെനിന്ന് സര്‍വീസ് നടത്താന്‍ ഇവരെല്ലാവരും തയ്യാറായതുമാണ്.

എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തുടരുന്നു; അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏഴ് പ്രധാന മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ തൊട്ടു പുറകിലായി എട്ടാം സ്ഥാനത്തും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്ന പൊതുമേഖല വിമാനത്താവളങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ് കരിപ്പൂര്‍.

125 കോടിയോളം രൂപ പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാറിന് ലാഭം നല്‍കുന്ന സ്ഥാപനമാണ് കരിപ്പൂര്‍ വിമാനത്താവളം. 2019-2020 സാമ്പത്തിക വര്‍ഷം 137 കോടി രൂപയാണ് എയര്‍പോര്‍ട്ട് നേടിയ ലാഭം. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി വിമാനത്താവളത്തിലെ സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള അന്തരവും അവരുടെ ലാഭവിഹിതവും പരിഗണിക്കുമ്പോള്‍ വളരെ വലിയ ലാഭമാണ് കോഴിക്കോട് എയര്‍പോര്‍ട്ട് നല്‍കുന്നത്.

പകല്‍ വെളിച്ചം പോലെ നമുക്ക് മുന്നിലുള്ള ഈ സത്യങ്ങളൊക്കെ അറിഞ്ഞിട്ടും
കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കത്തില്‍ പങ്കാളിയാകുന്നവരെ ജനം തിരിച്ചറിയണം. മൂന്ന് ദശാബ്ദമായി മലബാറിനെ സേവിച്ച ഈ വിമാനത്താവളം സംരക്ഷിക്കാനും വളര്‍ത്താനാവശ്യമായ പിന്തുണ നല്‍കാനും എസ് വൈ എസ് എന്നും പ്രതിജ്ഞാബദ്ധമാണ്.

ചെറു വിമാനത്താവളമെന്ന് പറഞ്ഞൊതുക്കിയ കോഴിക്കോട് വിമാനത്താവളത്തില്‍ പ്രളയ കാലത്തു വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം അധിക സര്‍വീസുകളാണ് നടന്നത്. കൊച്ചി വിമാനത്താവളം അടച്ചിട്ടപ്പോള്‍ യാത്രാ വിമാനങ്ങളുടെ സര്‍വീസ് കോഴിക്കോട്ടേക്ക് മാറ്റുകയുണ്ടായി. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് നടത്താന്‍ തയ്യാറായി നില്‍ക്കാന്‍ പോലും കോഴിക്കോട് എയര്‍പോര്‍ട്ടിന് നിര്‍ദ്ദേശം ലഭിച്ചു. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നില നില്‍ക്കുമ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചത് നീതീകരിക്കാനാവില്ല. വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടേബിള്‍ ടോപ് ഘടനയാണ് അപകട കാരണമെന്ന് വരുത്തി എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. വിമാനത്താവളം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയും ഏറെ നിഗൂഢവും ചില ലോബികള്‍ക്ക് വേണ്ടിയുള്ള നീക്കവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മലബാറിലെ ലക്ഷക്കണക്കിന് പ്രവാസികളും ആഭ്യന്തര യാത്രക്കാരും ഒരു പോലെ ആശ്രയിക്കുന്ന വിമാനത്താവളത്തിനെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢാലോചന മാറ്റി വെച്ച്, പ്രവാസികളുടെ യാത്രക്ലേശം പരിഹരിക്കാന്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടനെ പുനരാരംഭിക്കണമെന്നും യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി കേരള സര്‍ക്കാരും ഇടപെടണം.

വലിയ വിമാനങ്ങള്‍ക്കായി വിമാനത്താവളം തുറക്കാന്‍ അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. റണ്‍വേ വികസനത്തിന്റെ പേരില്‍ 2015-16 കാലത്ത് വിമാനത്താവളം അടച്ചിട്ടപ്പോള്‍ എസ് വൈ എസ് ഉള്‍പ്പെടെ നടത്തിയ ശക്തമായ സമര പരിപാടികളാണ് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുകയും വിമാനത്താവളം വീണ്ടും തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുo എസ് വൈ എസ് കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ : മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, ഡോ : എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, മുഹമ്മദ് പറവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE