തിരുവനന്തപുരം: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഹുല്‍ ഗാന്ധിക്ക് ഹത്രസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളും ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്‌മ ചെയ്യുന്ന നീക്കം അത്യന്തികമായി ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്‌തതും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പോലീസ് തടഞ്ഞശേഷം കാല്‍നടയായി യാത്ര തുടരുന്നതിനിടെയാണ് രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കിയത്. നേതാക്കളെ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷത്തിന് ഇടയാക്കി.പോലീസ് ലാത്തി വീശുകയും പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി ഹത്രസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാദ്ധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്‌തിരുന്നു.
Read Also: രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഹത്രസില്‍ പോകാനാകാതെ ഇരുവരും തിരികെ ഡെല്‍ഹിയിലേക്ക്