തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫിസിന് മുന്നിൽ നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ. സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറിയും സിപിഎം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീം എംപിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചാനൽ ചർച്ചയിൽ അവതാരകൻ വിനു വി ജോൺ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് സംയുക്‌ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നത്.
എളമരം കരീം കുടുംബസമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞു നിർത്തി ഇറക്കിവിടണമെന്നും കരണക്കുറ്റി അടിച്ചു പൊട്ടിക്കണമെന്നും അവതാരകൻ പറഞ്ഞതായി ട്രേഡ് യൂണിയൻ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫിസിന് മുന്നിൽ നാളെ മാർച്ച് നടത്തുന്നത്.
Most Read: രാജസ്‌ഥാനിലെ കടുവാ സങ്കേതത്തിൽ കാട്ടുതീ; അണയ്‌ക്കാൻ തീവ്രശ്രമം