കണ്ണൂർ: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളിയും അടക്കമുള്ള സിപിഎം നേതാക്കൾ ഇപ്പോൾ ഒഴുക്കുന്ന കണ്ണീർ വെറുതെയാകുമെന്ന് കെ സുധാകരൻ എംപി. യുഡിഎഫ് മട്ടന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിശ്വാസികൾ ഒരിക്കലും ഇടതുസർക്കാരിന് മാപ്പുനൽകില്ലെന്നും സുധാകരൻ പറഞ്ഞു.
“സുപ്രീം കോടതി വിധിയാണ് സർക്കാരിന് നടപ്പാക്കേണ്ടി വന്നതെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. വനിതാ മതിലുണ്ടാക്കാനും യുവതികളെ പോലീസ് സംരക്ഷണത്തിൽ ശബരിമലയിൽ കയറ്റാനും കോടതി പറഞ്ഞിട്ടില്ല. ഒരു കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയുടെ ജീവിതശൈലിയാണോ പിണറായിക്കെന്ന് കമ്യൂണിസ്‌റ്റുകാർ ചിന്തിക്കണം. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് കോടികളുടെ ധൂർത്താണ് സർക്കാർ നടത്തിയത്,”- അദ്ദേഹം ആരോപിച്ചു.
തൊഴിലാളി പാർട്ടിയെന്ന് പറയുന്നവർ മൽസ്യബന്ധന കരാർ അമേരിക്കൻ കമ്പനിക്ക് നൽകി, മൽസ്യ തൊഴിലാളികളെ വഞ്ചിച്ചെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ടിവി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌ഥാനാർഥി ഇല്ലിക്കൽ ആഗസ്‌തി, ഡോ. ഷമാ മുഹമ്മദ്, അബ്‌ദുറഹ്‌മാൻ കല്ലായി, പിജി പ്രസന്നകുമാർ, കെ രജികുമാർ, വിഎ നാരായണൻ, സജ്ജീവ് മാറോളി, വൽസൻ അത്തിക്കൽ, അബ്‌ദുൾ കരീം ചേലേരി, വിആർ ഭാസ്‌കരൻ, അൻസാരി തില്ലങ്കേരി, സുരേഷ് മാവില എന്നിവർ സംസാരിച്ചു.
Also Read: മുഖ്യമന്ത്രിക്ക് അനുഭാവം അഴിമതിക്കാരോട്; കെ സുരേന്ദ്രൻ