കേന്ദ്ര ഏജൻസികളുടെ ജോലികള്‍ ഭാരിച്ചതാണ്; അത് ഇടതിനേയും വലതിനേയും വിടില്ല

By Esahaque Eswaramangalam, Chief Editor
  • Follow author on
Esahaque Eswaramangalam Article _ Malabar News
Ajwa Travels

തിരുവനന്തപുരം: രാഷ്‌ട്രീയ നേതൃത്വത്തിൽ ഉള്ളവരുടെ പേര്‌ പറയണമെന്നും പ്രത്യുപകാരമായി കേസിൽ മാപ്പു സാക്ഷിയാക്കാമെന്നും സമ്മർദ്ദമുണ്ടെന്ന്‌ കസ്‌റ്റഡിയിലുള്ള രണ്ട്‌ പ്രതികൾ വെളിപ്പെടുത്തി കഴിഞ്ഞു‌. പ്രതിയായ സ്വപ്‍നയുടെ ശബ്‌ദരേഖയും ശിവശങ്കറിന്റെ വെളിപ്പെടുത്തലും അങ്ങനെയൊരു സാധ്യതയിലേക്ക് ‘കൂടി’ വിരൽ ചൂണ്ടുന്നുണ്ട്.

വിശേഷിച്ചും അടിമുടി അഴിമതിയിലും വെട്ടിപ്പുകളിലും നിയമവിരുദ്ധ പ്രവർത്തികളിലും നില നിൽക്കുന്ന രണ്ട് മുഖ്യധാരാ പ്രസിദ്ധീകരണ സ്‌ഥാപനങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെയും കേന്ദ്രഭരണ സംവിധാനത്തിന്റെയും ‘പബ്ളിക് റിലേഷൻ’ ജോലികൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്നത് കാണുമ്പോൾ ഈ സംശയം ശക്‌തമാകുന്നു.

ദശാബ്‌ദങ്ങളായി കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാത്ത ബിജെപിക്ക് അടുത്ത നിയസഭാ ഇലക്ഷനിൽ രാജ്യം ശ്രദ്ധിക്കുന്ന നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുണ്ടാക്കുന്ന മാനക്കേട് താങ്ങാൻ കഴിയുന്നതല്ല. ആ ഒരു ലക്ഷ്യത്തിലേക്ക് വഴിയൊരുക്കാനുള്ള പദ്ധതികളാണോ നടക്കുന്നതെന്ന് സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെ പലയിടങ്ങളിലും ‘സംശയമായി’ ഉന്നയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.

എൽഡിഎഫ് ഐക്യം തകർക്കുക, സിപിഐഎമ്മിനെ തകർക്കുക, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത്-വലത് സമുന്നത നേതാക്കളെ സംശയനിഴലിൽ നിറുത്തുക, ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന സ്‌ഥാപനങ്ങളെ തകർക്കുക, ഇടത്-വലത് സാമ്പത്തിക സോഴ്‌സുകൾ തകർക്കുക, ബിജെപിയുടെയും പോഷക സംഘടനകളുടെയും സംഘടനാ അക്കൗണ്ടുകൾ നിറക്കുക തുടങ്ങി നിരവധി തലങ്ങളുള്ള ആസൂത്രിത പദ്ധതിയാണ് വിവിധ ഘട്ടങ്ങളിലായി കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ നടപ്പിലാക്കാനുള്ളതെന്ന് ന്യായമായും സംശയിക്കേണ്ടി വരുന്നുണ്ട്.

ഇതിന് മുന്നോടിയായി കഴിഞ്ഞ എൻഡിഎ ഭരണകാലത്ത് തന്നെ കേരളത്തിലെ മൂന്ന് മുഖ്യധാരാ മാദ്ധ്യമ സ്‌ഥാപനങ്ങളെ അവരുടെ അഴിമതികൾ ചൂണ്ടികാണിച്ചു വരുതിയിൽ നിറുത്തിയിട്ടുമുണ്ട്. മറ്റു സംസ്‌ഥാനങ്ങളിൽ നടപ്പിലാക്കി വിജയിപ്പിച്ച തന്ത്രമാണിത്. ഞാൻ മനസിലാക്കുന്നത്; യഥാർഥത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വഴിയുള്ള പദ്ധതികൾ ആരംഭിച്ചിട്ടേയുള്ളു എന്നാണ്. 2021 ആദ്യ പാദത്തിൽ മലബാർ മേഖല ഉൾപ്പടെ ഉഴുതുമറിക്കാനാണ് നീക്കം. മൂന്നു വർഷത്തോളം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾ ഇതിനായി രൂപം കൊടുത്തിട്ടുണ്ട്.

നീണ്ടു നിൽക്കുന്ന ഈ ‘വേട്ടകൾക്ക്’ അനുകൂല സാമൂഹികാന്തരീക്ഷം ഒരുക്കിയെടുക്കുന്ന പ്രക്രിയ മാത്രമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ നടത്തുന്നത്. അതായത് കളി തുടങ്ങിയിട്ടേയുള്ളൂ എന്നർഥം. വളരെ കൃത്യവും ആസൂത്രിതവുമായ ഈ പദ്ധതികൾക്ക് ഒപ്പം, അടുത്ത് തന്നെ ആരംഭിക്കാനിരിക്കുന്ന വർഗീയ ദ്രുവീകരണ പദ്ധതികളും കേരളത്തിലേക്ക് വരുന്നുണ്ട്.

സംഘ പ്രസ്‌ഥാനങ്ങളോട് അടുത്തു നിൽക്കുന്നതും എന്നാൽ, ബിജെപിയുടെയോ എൻഡിഎയുടെയോ ഭാഗമല്ല എന്ന നിലയിൽ സജീവമായതുമായ സംഘടനകൾക്കാണ് ദ്രുവീകരണ പദ്ധതികളുടെ മുഖ്യ ഉത്തരവാദിത്തം. ഇത്തരം സംഘനകൾ ബിജെപിയുടെയോ എൻഡിഎയുടെയോ ഭാഗമല്ല എന്ന് ‘വരുത്തി തീർത്ത്’ പ്രതിരോധിക്കാൻ കഴിയുന്ന സംഘടനകളാണ്. ഇവരെ മുൻപ് തന്നെ പലതരം ‘സേന’ കളായി കേരളത്തിൽ വേരു പിടിപ്പിച്ചിട്ടുണ്ട്.

സംസ്‌ഥാനത്ത്‌ ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത സംഘടനകളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരുടെ അക്കൗണ്ടുകൾ ഉത്തരേന്ത്യൻ ബാങ്കുകളിൽ മാത്രമാണ്. അതിലും വലിയ സംഖ്യകൾ സൂക്ഷിക്കില്ല. ആവശ്യം വരുമ്പോൾ, ആവശ്യത്തിനുള്ള പണം മാത്രം അമേരിക്ക ഉൾപ്പടെയുള്ള ചില വിദേശ രാജ്യങ്ങളിൽ നിന്ന് ഈ അക്കൗണ്ടുകളിൽ വരും. വളരെ കൃത്യവും ആസൂത്രിതവുമായ പദ്ധതികൾക്ക് ഒപ്പം തന്നെ, അതിലേറെ കണിശമായ സാമ്പത്തിക ഇടപാടുകളുമാണ് ഇവരുടേത്.

വർഷങ്ങൾക്ക് മുൻപ് തന്നെ കേരളത്തിൽ വേരുറപ്പിച്ച മുകളിൽ പറഞ്ഞ വിവിധ ‘സേന’കളും പിന്നണിയിൽ ഹോം വർക്കിലാണ്. അവരിൽ ഏൽപ്പിക്കപ്പെട്ട വർഗീയ ദ്രുവീകരണ പദ്ധതികൾ നിയമസഭാ തിരഞ്ഞെടുപ്പിന് കുറച്ച് മുൻപ് ആരംഭിക്കാൻ ആവശ്യമായ പഠന ക്ളാസുകളും പരിശീലന കളരികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നുണ്ട്.

ഒരു ഭാഗത്ത് കേന്ദ്ര അന്വേഷണ ഏജൻസികളിൽ ഏൽപ്പിക്കപ്പെട്ട പദ്ധതികൾ, മറ്റൊരു ഭാഗത്ത് ആശയ പ്രതിരോധം പോലും തകർന്നു പോകുന്ന വർഗീയ ദ്രുവീകരണ പ്രചാരണങ്ങളും ചേരുംപടിയായി പിറകെ വരുന്നുണ്ട്. 2021 മെയ് മാസത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അത് കഴിഞ്ഞാൽ അടുത്ത ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പും. കളികൾ കേരളത്തിൽ ആരംഭിച്ചിട്ടേയുള്ളു.

സംഘപ്രസ്‌ഥാനങ്ങളുടെ ആശയം കൊണ്ടും, അവരുടെ ഉത്തരേന്ത്യൻ ഗിമ്മിക്കുകൾ കൊണ്ടും കേരളത്തിൽ സ്വാധീനം ഉറപ്പിക്കൽ അസാധ്യമാണ്. സാമൂഹിക, സാംസ്‌കാരിക, ചിന്താ നിലവാരത്തിൽ ലോക ശരാശരിക്കൊപ്പം സഞ്ചരിക്കുന്ന കേരളജനതയുടെ മഹാ ഭൂരിപക്ഷത്തേയും ഭിന്നിപ്പിക്കൽ എളുപ്പമല്ല എന്നവർ തിരിച്ചറിഞ്ഞു. കേരളത്തിലെ വളരൽ ഒരു ഹിമാലയൻ ടാസ്‌കാണ് എന്നത് കഴിഞ്ഞ 70ലധികം കൊല്ലങ്ങൾ കൊണ്ട് തിരിച്ചറിഞ്ഞ ഇവർക്കിതല്ലാതെ മറ്റു പോംവഴികൾ മുന്നിലില്ല !

വിഷയങ്ങളുടെ ഗൗരവം മനസിലാക്കിയാണ് സിപിഐഎം പൊളിറ്റ്‌ബ്യൂറോയും സംസ്‌ഥാന സെക്രട്ടറിയേറ്റും എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാനാണ്‌ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന്‌ വെവ്വേറെ പ്രസ്‌താവനയിൽ പറഞ്ഞത്. സ്വർണക്കടത്തു വഴി ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിച്ചതിനെ സംബന്ധിച്ചുള്ള യുഎപിഎ കേസ്‌ അന്വേഷിക്കുന്നതിനു പകരം കേന്ദ്ര ഏജൻസികൾ സംസ്‌ഥാന സർക്കാരിനെ ലക്ഷ്യമിടുകയാണ് എന്നാണ് പ്രസ്‌താവനയിൽ പറയുന്നത്.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ അട്ടിമറിക്കാൻ ബിജെപി സർക്കാർ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നു. ഈ അതിക്രമം അംഗീകരിക്കില്ല. ഇത്തരം നീക്കങ്ങളെ സിപിഐഎം ചെറുക്കും. കോടതികളും ഇതര സ്വതന്ത്ര സംവിധാനങ്ങളും ഭരണഘടന ഉയർത്തിപ്പിടിക്കണം. ഇത്തരം ഹീന പദ്ധതികൾക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കണം; പിബി പ്രസ്‌താവനയിൽ പറയുന്നു.

സങ്കുചിത രാഷ്‌ട്രീയലക്ഷ്യം നിറവേറ്റാനാണ്‌ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്‌. ഈ നിയമവിരുദ്ധ സഖ്യത്തെ ജനകീയമായിത്തന്നെ ചെറുത്തു തോൽപ്പിക്കണം. അതിനായി കക്ഷി രാഷ്‌ട്രീയം മറന്ന്‌ ജനങ്ങൾ രംഗത്തിറങ്ങണമെന്ന്‌ സംസ്‌ഥാന സെക്രട്ടറിയേറ്റും‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ‘ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുന്നു’; സീതാറാം യെച്ചൂരി

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE