തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ ആദ്യ പട്ടികയില്‍ ഇടം നേടി കാല്‍ ലക്ഷത്തോളം പ്രത്യേക വോട്ടര്‍മാര്‍. കോവിഡ് പോസിറ്റീവ് ആയ ആളുകളും നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുമാണ് പ്രത്യേക വോട്ടര്‍മാര്‍. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് 5 ജില്ലകളിലാണ്. ഡിസംബര്‍ 8 ആം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
നിലവില്‍ ഈ അഞ്ച് ജില്ലകളില്‍ നിന്നും 24,621 പ്രത്യേക വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 8,568 ആളുകള്‍ നിലവില്‍ കോവിഡ് ബാധിതരും ബാക്കിയുള്ള 15,053 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നവരും ആണ്. കഴിഞ്ഞ നവംബര്‍ 29 ആം തീയതിയില്‍ സംസ്‌ഥാനത്തെ കണക്കുകള്‍ വിലയിരുത്തിയ ശേഷം ആരോഗ്യവകുപ്പ് കളക്‌ടർമാർക്ക് കൈമാറിയ പട്ടികയിലാണ് ഇത്രയും പേര്‍ പ്രത്യേക വോട്ടര്‍മാരുടെ കൂട്ടത്തിലുള്ളത്.
പ്രത്യേക വോട്ടര്‍മാര്‍ക്കായി ഇത്തവണ തപാല്‍ വോട്ടാണ് ഒരുക്കിയിട്ടുള്ളത്. ഇവരുടെ പട്ടിക ഈ ജില്ലകളിലെ വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബര്‍ 7 ആം തീയതി വെകുന്നേരം 3 മണി വരെ പുതുക്കും. ഇനി അഥവാ ഇവര്‍ തിരഞ്ഞെടുപ്പ് ദിവസം ആകുമ്പോഴേക്കും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാലോ, കോവിഡ് മുക്‌തരായാലോ ഇവര്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. കൂടാതെ 7 ആം തീയതി 3 മണിക്ക് ശേഷം കോവിഡ് പോസിറ്റീവ് ആകുന്ന ആളുകള്‍ക്ക് വോട്ടെടുപ്പ് ദിവസം വൈകുന്നേരം 6 മണിക്ക് ശേഷം ബൂത്തില്‍ പിപിഇ കിറ്റ് ധരിച്ചു നേരിട്ടെത്തി വോട്ട് ചെയ്യാം. 6 മണി വരെ സാധാരണ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള സമയമാണ്. അതിന് ശേഷം മാത്രമേ ഇവര്‍ക്ക് വോട്ട് അനുവദിക്കുകയുള്ളൂ. ഇവര്‍ക്ക് ആവശ്യമെങ്കില്‍ മാത്രമേ കയ്യില്‍ മഷി രേഖപ്പെടുത്തുകയുള്ളൂ. കൂടാതെ ആളെ തിരിച്ചറിയാനായി ആവശ്യമെങ്കില്‍ പിപിഇ കിറ്റിന്റെ മുഖാവരണം മാറ്റാനും അനുവാദമുണ്ട്.
Read also : ചുഴലിക്കാറ്റ്; നേരിടാൻ തയാറായി സംസ്‌ഥാനം; സൈന്യത്തിന്റെ സഹായം തേടി