ഡീപ് ക്ലീൻ വയനാട് പദ്ധതിക്ക് ഞായറാഴ്ച്ച തുടക്കമാകും

By Desk Reporter, Malabar News
cleaning wayanad_2020 Aug 19
Representational Image
Ajwa Travels

വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഡീപ് ക്ലീൻ വയനാട് ‘ എന്ന പേരിൽ മഹാശുചീകരണയജ്ഞത്തിന് പദ്ധതിയിട്ട് കുടുംബശ്രീ ജില്ലാ മിഷൻ. ഒന്നരലക്ഷം അയൽക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേർന്ന് ഓരോ വീടും പരിസരവും വൃത്തിയാക്കി അണുനശീകരണ പ്രക്രിയയിൽ പങ്കുചേരും. ഓഗസ്റ്റ് 23 ഞായറാഴ്ച്ചയാണ് ജില്ലയിലുടനീളം പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് 19നെതിരായുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ സഹായിക്കുകയെന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ, ഡീപ് ക്ലീൻ പദ്ധതിക്ക് രൂപകല്പന നൽകിയിരിക്കുന്നത്.

ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഓരോ അയൽക്കൂട്ടാംഗവും പങ്കെടുക്കും. ഓരോ അംഗത്തിന്റെയും വീടും പരിസരവും വീട്ടിലെ ഉപകരണങ്ങളും അണുനശീകരണം നടത്താനും ക്ലോറിനേഷൻ നടത്താനുമാണ്‌ നിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പുമായി ചേർന്ന് പ്രതിരോധ ഗുളികകളും ആയുർവേദ മരുന്ന് വിതരണവും ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ വഴി നടപ്പിലാക്കും. അയൽക്കൂട്ട പരിധിയിൽ വരുന്ന, ആളുകൾ കൂടുന്ന ഇടങ്ങളായ ബസ് സ്റ്റോപ്പ്‌, പാലളക്കുന്ന സ്ഥലങ്ങൾ എന്നിവയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൃത്തിയാക്കും.

കിടപ്പുരോഗികൾ, മറ്റ് അസുഖബാധിതർ, വയോജനങ്ങൾ തുടങ്ങിയവരുടെ വീടുകളും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിക്കും. അയൽക്കൂട്ടപരിധിയിൽ ഉൾപ്പെടുന്ന ആദിവാസി ഊരുകൾ സിഡിഎസിനൊപ്പം ട്രൈബൽ അനിമേറ്റർമാരുടെയും നേതൃത്വത്തിൽ വൃത്തിയാക്കും. കുടുംബശ്രീ മിഷനോടൊപ്പം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ജില്ലയിലെ സന്നദ്ധ സംഘടനകളും ശുചീകരണയജ്ഞത്തിൽ പങ്കാളികളാകും.

നിലവിൽ കുടുംബശ്രീയുടെ ഹരിതകർമ്മസേനയും വിജിലന്റ് ഗ്രൂപ്പ്‌ അംഗങ്ങളും ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. സാമൂഹ്യ അകലവും പരിസരശുചിത്വവും തുടങ്ങി വിവിധ വിഷയങ്ങളിൽ അവബോധപ്രവർത്തനങ്ങൾക്കും ഓൺലൈൻ യോഗങ്ങൾ വഴി കുടുംബശ്രീ മിഷൻ നേതൃത്വം നൽകുന്നുണ്ട്. ജില്ലയിലെ അയൽക്കൂട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സിഡിഎസ് സംവിധാനം ഇത്തരം പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിനും മേൽനോട്ടം വഹിക്കുന്നു. ജില്ലയിലെ വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കുടുംബശ്രീയും ആരോഗ്യ സാമൂഹ്യ വകുപ്പും ചേർന്ന് ‘ഗ്രാൻഡ്കെയർ’ എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്ക് ‘എന്റെ ഭവനം, ശുചിത്വ ഭവനം’ എന്ന പേരിൽ കുടുംബ സെൽഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി എടുത്ത സെൽഫികളാണ് മത്സരത്തിനായി അയച്ചു നൽക്കേണ്ടത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഓരോ വീട്ടിലും കടന്നു ചെല്ലുന്നവരെ ഹാൻഡ് വാഷ് നൽകി കൈകഴുകിച്ചതിന് ശേഷമാകും സ്വീകരിക്കുക. ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിൻ വിപുലമാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE