വയനാട്: മെയ് മാസത്തോടെ ജില്ലയിൽ 600 പേർക്ക് കൂടി പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ജില്ലയിൽ 724 പട്ടയ അപേക്ഷകളാണ് തീർപ്പാക്കാൻ ഉള്ളത്. ബത്തേരി താലൂക്കിൽ 373, വൈത്തിരിയിൽ 33, മാനന്തവാടിയിൽ 318 എന്നിങ്ങനെയാണ് അപേക്ഷകൾ. ഇവ തീർപ്പാക്കുന്നതിനും, പരമാവധി പട്ടയങ്ങൾ വിതരണം ചെയ്യാനുമുള്ള നടപടികൾ വേഗത്തിലാക്കാനും ജില്ലയിലെ റവന്യൂ ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.
ഭൂവിഷയങ്ങളിൽ സങ്കീർണമായ പ്രശ്‌നം പട്ടയങ്ങളുമായി ബന്ധപെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇതിൽ തികച്ചും വ്യത്യസ്‌തമായ പശ്‌ചാത്തലമാണ് ജില്ലയിൽ ഉള്ളത്. വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പടെ സങ്കീർണമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും പട്ടയ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം. അർഹതപ്പെട്ടവർക്ക് ഭൂമിയുടെ കൈവശരേഖ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഉദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്നും ജാഗ്രത വേണം.
ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും പ്രത്യേക യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് ആദ്യമായി റവന്യൂ ഓഫിസുകളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയ ജില്ലയെ മന്ത്രി അഭിനന്ദിച്ചു. പടിഞ്ഞാറത്തറ വില്ലേജിൽ പട്ടയം ലഭിച്ച ആറ് പേർക്ക് ഭൂമിയുടെ സബ്‌ഡിവിഷൻ ചെയ്‌ത് നൽകിയ രേഖ മന്ത്രി കൈമാറി.
Most Read: ഒഴിവുകൾ നികത്തുന്നില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം