ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് ഒരുലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്‌ത്രീകളുടേയും കുഞ്ഞുങ്ങളുടെയും അടുത്ത കുടുംബത്തിന് നൽകുന്ന ധനസഹായമാണ് ആശ്വാസനിധി.
കഴിഞ്ഞ ദിവസം വീണാ ജോർജ് ആലുവയിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷമാണ് ധനസഹായം അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് വനിതാ ശിശുവികസന വകുപ്പ് അടിയന്തിര നടപടി സ്വീകരിച്ചു ധനസഹായം അനുവദിച്ചു ഉത്തരവിട്ടത്. അതേസമയം, കുടുംബത്തിന് സർക്കാർ ഒരുലക്ഷം രൂപ നൽകിയാൽ പോരെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. കുടുംബത്തിന് സർക്കാർ വീടും സ്‌ഥലവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Most Read| പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി- നോട്ടീസ്