ഒരു നൂറ്റാണ്ടിന്റെ ഓർമ്മ; മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് ഇന്ന് നൂറ് വയസ്സ്

By Desk Reporter, Malabar News
Gandhiji_2020 Aug 18
Ajwa Travels

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് ഇന്ന് നൂറ് വർഷം തികയുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പിന്നീടുള്ള വളർച്ചക്ക് ഊർജ്ജം നൽകിയ ഗാന്ധിജിയുടെ ആദ്യ സന്ദർശനത്തിന്റെ ഓർമ്മകളുടെ നിറവിലാണ് കേരളം. ആകെ 5 തവണയാണ് ഗാന്ധിജി കേരളം സന്ദർശിച്ചിട്ടുള്ളത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തി 1920 ൽ ആദ്യമായി കേരളം സന്ദർശിക്കാനെത്തിയതാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. 1920 ആഗസ്റ്റ് 18 ന് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം ആദ്യമായി മലബാറിന്റെ മണ്ണിൽ കാലു കുത്തിയത്.

മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയുടെ ആസ്ഥാനമായിരുന്നു അന്ന് കോഴിക്കോട്. ഖിലാഫത്ത് നേതാവ് മൗലാനാ ഷൗക്കത്തലിയുമായി റെയിൽ മാർഗമാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഖിലാഫത്ത് കമ്മറ്റി പ്രസിഡൻ്റ് പി.കെ മുത്തുക്കോയയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അന്ന് വൈകിട്ട് 6.30 ന് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും പ്രസംഗിച്ചു. കാൽ ലക്ഷത്തോളം പേരാണ് അന്ന് സമ്മേളനത്തിൽ പങ്കെടുത്തത്. കെ മാധവൻ നായരാണ് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. പരിപൂർണ്ണമായ അക്രമരാഹിത്യം, ആത്മത്യാഗം എന്നീ രണ്ട് ആശയങ്ങളാണ് കേരളത്തിലെ സ്വാതന്ത്ര്യസമര പോരാളികൾക്ക് അദ്ദേഹം ഉപദേശിച്ചത്. ദേശീയ പ്രസ്ഥാനത്തിൽ നിന്ന് അകന്നു നിന്ന ചില പ്രസ്ഥാനങ്ങളെയും ചില പ്രമുഖ വ്യക്തികളെയും മുഖ്യധാരയിലേക്ക് തിരികെ കൊണ്ട് വരാൻ ആ ഒരൊറ്റ പ്രസംഗത്തിന് കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം മംഗലാപുരത്തേക്ക് മടങ്ങി.

പിൽകാലത്ത് ചരിത്രം സൃഷ്ടിക്കാനുള്ള സന്ദർശനവും സന്ദേശവും ആയിരുന്നു അന്ന് കോഴിക്കോട് അരങ്ങേറിയത്. അദ്ദേഹത്തിന്റെ വരവോടു കൂടി ദേശീയപ്രസ്ഥാനത്തിന് ഒരു പുതിയ ഉണർവാണ് കൈവന്നത്. ദേശീയ പ്രസ്ഥാനത്തിൽ മാത്രമല്ല കേരളത്തിന്റെ നവോത്ഥാന നീക്കങ്ങളിലും അദ്ദേഹത്തിന്റെ ആദർശങ്ങൾ പ്രതിഫലിച്ചു. പിന്നീട്, 1925, 1927, 1934, 1937 എന്നീ വർഷങ്ങളിലായി നാല് തവണ കൂടി അദ്ദേഹം കേരളം സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE