ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും നിയന്ത്രണം തുടർന്ന് ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ അടച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായാണ് പുതിയ റിപ്പോർട്.
ഹോർമുസ് കടക്കാനുള്ള ശ്രമത്തിനിടെ കപ്പലിന് നേർക്ക് വെടിവയ്പ്പ് ഉണ്ടായതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി, ഇറാന്റെ റെവല്യൂഷനറി ഗാർഡ് കോറുമായി ബന്ധമുള്ള രണ്ട് ഗൺ ബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് വിവരം.
മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വെടിവെയ്പ്പെന്ന് ക്യാപ്റ്റൻ അറിയിച്ചതായി മാരിടൈം ഏജൻസി പറഞ്ഞു. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ലബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പത്ത് ദിവസത്തേക്ക് ഹോർമുസ് തുറക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചത്. എന്നാൽ, ഇറാൻ തുറമുഖങ്ങളിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകളെ തടയുന്ന ഉപരോധം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ഹോർമുസ് അടക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഉപരോധം പിൻവലിക്കാൻ യുഎസ് തയ്യാറാകാത്തതിനെ തുടർന്നാണ് ഇറാൻ ഹോർമുസ് വീണ്ടും അടച്ചത്. ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണ് ഹോർമുസ് കടലിടുക്കെന്നും അതിന്റെ മുമ്പത്തെ നില തുടരുമെന്നും ഖത്തം അൽ അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് അറിയിച്ചു.
യുഎസ് ഉപരോധം പിൻവലിക്കാത്തതും ഹോർമുസ് വീണ്ടും അടച്ചതും യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകളെയും ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇസ്ലാമാബാദിൽ വെച്ചുതന്നെ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇറാൻ ഇതുവരെ ചർച്ചയ്ക്ക് സമ്മതിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി നിലനിൽക്കുകയാണ്.
അതിനിടെ, ഉടൻ വെടിനിർത്തൽ കരാറിലെത്താൻ ഇറാന് യുഎസ് മുന്നറിയിപ്പ് നൽകി. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്താനാണ് നിർദ്ദേശം. ഇല്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്ക് ഉള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
Most Read| ‘സ്ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമല്ല’






































