കൊൽക്കത്ത: പശ്ചിമ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിർന്ന ബിജെപി നേതാക്കൾ, മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു. കാവി വസ്ത്രം അണിഞ്ഞാണ് സുവേന്ദു സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുൻപ് സുവേന്ദുമായി പ്രധാനമന്ത്രി റോഡ് ഷോ നടത്തി.
ബംഗാളിലെ കരുത്തനായ പ്രതിപക്ഷ നേതാവായിരുന്നു സുവേന്ദു. മമത ബാനർജിയെ രണ്ടുതവണ പരാജയപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ മെദിനിപൂരിലെ കാന്തിയിലാണ് സുവേന്ദുവിന്റെ ജനനം. മുതിർന്ന കോൺഗ്രസ്, തൃണമൂൽ നേതാവായിരുന്ന ശിശിർ അധികാരിയുടെ മകനാണ്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി.
1995ൽ കാന്തി മുനിസിപ്പാലിറ്റിയിൽ കൗൺസിലറും മുനിസിപ്പൽ ചെയർമാനുമായി. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2006ൽ എംഎൽഎ ആയി. 2009 മുതൽ 2016 വരെ പാർലമെന്റ് അംഗം. 2016ൽ എംഎൽഎ ആയി. ബംഗാളിൽ ട്രാൻസ്പോർട്ട്, ജലസേചനം, പരിസ്ഥിതി മന്ത്രിയായി. 2020ൽ മമത ബാനർജിയുമായി തെറ്റി ബിജെപിയിൽ ചേർന്നു.
2021ൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി. കഴിഞ്ഞ അഞ്ചുകൊല്ലം പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും ഭവാനിപൂരിൽ നിന്നും വിജയിച്ചു. ബംഗാളിൽ ബിജെപി 207 സീറ്റുകളിലാണ് വിജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസിന്റെ പവിത്ര കർക്കെതിരെ 9665 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു വിജയിച്ചത്. ഇന്നലെ നടന്ന പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചത്.
Most Read| ഡിജിറ്റൽ അറസ്റ്റ്; 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ് ആപ്പ്





































