കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ പലചരക്ക് കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജൻ(62) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പതിവ് സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിൽ എത്താതായതോടെ ബന്ധുക്കൾ കടയിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. രാജന്റെ കഴുത്തിലും മുഖത്തും വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന മൂന്ന് പവൻ സ്വർണ മാലയും മോതിരവും നഷ്‌ടമായിട്ടുണ്ട്.
കൂടാതെ, കടയിൽ ഉണ്ടായിരുന്ന പണവും മോട്ടോര് ബൈക്കും നഷ്‌ടപ്പെട്ടിട്ടുണ്ട്. പിടിവലിക്കിടെ ഉണ്ടായ ആക്രമണമാവാം രാജന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടകര പോലീസ് പറഞ്ഞു.
Most Read: സാമ്പത്തിക ആരോപണം; പിബി പരിശോധിച്ചേക്കും- പ്രതികരിക്കാതെ നേതാക്കൾ