തൃശൂർ: ഇപി ജയരാജനെതിരായി സാമ്പത്തിക ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതിർന്ന സിപിഐഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളിൽ നിന്നുതന്നെയാണ് ആരോപണങ്ങൾ ഉയർന്നത്. ഇതിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങൾ നേതാക്കൾ തള്ളുന്നുമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോർട്ട് നിർമിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെയാണ് പുറത്തുവരുന്നത്. സ്വർണക്കടത്ത് സംഘങ്ങളുമായും സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായും എൽഡിഎഫിന് ബന്ധമുണ്ടെന്നും സതീശൻ ആരോപിച്ചു.
ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുഖ്യമന്ത്രി എന്നിവർക്ക് ഉൾപ്പടെ ഇക്കാര്യം ഏല്ലാവർക്കും അറിയാം. കേന്ദ്ര ഏജൻസികൾ കേരളത്തിലെ സിപിഎമ്മിന്റെ കാര്യം വരുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യവും സതീശൻ ഉയർത്തി.
ഇപി ജയരാജനെതിരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഉയർന്ന ആരോപണം അതീവ ഗൗരവും ഉള്ളതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ജയരാജൻ മന്ത്രി ആയിരിക്കെ പദവി ദുരൂപയോഗം ചെയ്‌തുവെന്നാണ് ഈ ആരോപണത്തിൽ നിന്ന് വ്യക്‌തമാകുന്നത്. പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് അതിന്റെ ഗൗരവം പതിൻമടങ്ങ് വർധിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സാമ്പത്തിക ആരോപണത്തിൽ ഇപി ജയരാജൻ സമ്മർദ്ദത്തിലായിട്ടുണ്ട്. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും. സിപിഐഎം നേതൃത്വത്തെ സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്‌ച നടക്കുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഇപി ജയരാജൻ പങ്കെടുക്കില്ല. സാമ്പത്തിക ആരോപണം ഉയരുന്നതിന് പിന്നാലെയാണ് നീക്കം.
എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജൻ പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ നീക്കം. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
Most Read: കക്ഷി രാഷ്‌ട്രീയമല്ല, പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്; സ്‌റ്റാലിൻ