ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്‌മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം.
ജമ്മു കശ്‌മീരിൽ ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്‌തമാക്കുന്നത്.
സുജുവാനിൽ ആക്രമണം നടത്തിയ ഭീകരരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.
അതേസമയം ഭരണഘടനയുടെ 370ആം അനുഛേദം റദ്ദാക്കുകയും സംസ്‌ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്‌മീര്‍ സന്ദര്‍ശനമാണ് കഴിഞ്ഞത്. 20000 കോടിയുടെ വികസനം ജമ്മു കശ്‌മീരിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ജമ്മു കശ്‌മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നതെന്നും വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവിൽ എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. 25 വർഷത്തിനുള്ളിൽ കശ്‌മീരിന്റെ മുഖച്ഛായ മാറ്റുമെന്ന് പറഞ്ഞ മോദി ജമ്മുവിൽ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്‌തമാക്കി.
Most Read: ശങ്കരനാരായണന്റെ മരണം; തിങ്കളാഴ്‌ച വൈകിട്ട് 5.30ന് സംസ്‌കാരം, അനുശോചിച്ച് നേതാക്കൾ