തളങ്കര: റെയിൽവേ സ്‌റ്റേഷന് മുന്നിലുള്ള പോലീസ് സഹായകേന്ദ്രം കാടുകയറി നശിക്കുന്നു. രണ്ടുവർഷത്തോളമായി ഇവിടെ നിന്ന് പൊതുജനങ്ങൾക്ക് സഹായം ലഭിക്കുന്നില്ല. വർഷങ്ങൾക്ക് മുൻപ് ജില്ലയിലുണ്ടായ സംഘർഷാവസ്‌ഥയുടെ സമയത്താണ് ഇതിവിടെ സ്‌ഥാപിച്ചത്. റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവർക്കും പൊതുജനങ്ങൾക്കും ഇതുകൊണ്ട് വലിയ പ്രയോജനം ലഭിച്ചിരുന്നു. എത്രയും പെട്ടെന്ന് കേന്ദ്രം പുനഃസ്‌ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റെയിൽവേ സ്‌റ്റേഷൻ ഭാഗത്തെ സമൂഹദ്രോഹികളുടെയും കഞ്ചാവ്, ലഹരി മാഫിയകളുടെയും അഴിഞ്ഞാട്ടങ്ങൾക്ക് ഒരു പരിധിവരെ തടയിടാൻ ഇതുകൊണ്ട് സാധിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്. സ്‌റ്റേഷന് മുന്നിലുള്ള റോഡിലും പരിസരത്തും തൊട്ടടുത്ത പാർക്കിനു മുന്നിലും നിർത്തിയിട്ട വാഹനങ്ങൾ പലതും മോഷണം പോവുക പതിവാണ്. രാത്രി ഇരുട്ട് മൂടിയാൽ ഈ പരിസരം സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്.
നടന്നുപോകാൻ പോലും ജനങ്ങൾ പേടിക്കുന്നു. ഈ പോലീസ് സഹായകേന്ദ്രം പ്രവർത്തനസജ്‌ജമായാൽ ജനങ്ങൾക്ക് ഭയമില്ലാതെ സഞ്ചരിക്കാം. മാത്രമല്ല, രാത്രി സമയങ്ങളിൽ തളങ്കര ഭാഗത്ത് നിന്ന് അനധികൃതമായി മണൽ കടത്തിക്കൊണ്ടുപോകുന്ന മണൽ മാഫിയ സംഘത്തിന് തടയിടാനും ഒരുപരിധിവരെ സാധിക്കും.
Also Read: മുട്ടിൽ മരംമുറി കേസ്; രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ