തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഐടി മേഖലയിൽ പബ്ബ് ആരംഭിക്കാനും, സംസ്‌ഥാനത്ത് വിദേശ മദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം വർധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.
നൂറിൽപരം വിദേശ മദ്യ ചില്ലറ വിൽപന ശാലകൾ പുതുതായി ആരംഭിക്കാനുള്ള നിർദ്ദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. ജനവാസ മേഖലയിൽ നിന്ന് മാറി ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും കീഴിൽ ആരംഭിക്കാനാണ് തീരുമാനം. ഐടി മേഖലയുടെ നിരന്തരം ആവശ്യം പരിഗണിച്ചാണ് പബ്ബുകൾ ആരംഭിക്കാൻ അംഗീകാരം നൽകുന്നത്.
ഐടി സ്‌ഥാപനങ്ങളിലെ സംഘടനകളിലടക്കം സർക്കാരിനോട് ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ തന്നെ ഇക്കാര്യം പലതവണ എത്തിച്ചിരുന്നു. ഫൈവ് സ്‌റ്റാർ നിലവാരത്തിലായിരിക്കും പബ്ബുകൾ വരികയെന്നാണ് എക്‌സൈസ് ഉദ്യോഗസ്‌ഥരിൽ നിന്ന് വ്യക്‌തമാകുന്നത്.
Read Also: ഏഷ്യാനെറ്റ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണയുമായി തൊഴിലാളി യൂണിയനുകൾ