തൃശൂർ: മഴ കുറഞ്ഞതിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. രാവിലെ മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ മലക്കപ്പാറയിലേക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്‌ഥാനത്ത് മഴ ശക്‌തമായ സാഹചര്യത്തിൽ രണ്ട് ദിവസം മുൻപാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. കനത്ത മഴയിലും, വെള്ളക്കെട്ടിലും അപകട സാധ്യത കൂടുതലായതിനെ തുടർന്നാണ് കേന്ദ്രങ്ങൾ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. അതേസമയം സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്.
വെള്ളിയാഴ്‌ച സംസ്‌ഥാനത്ത് ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ശനിയാഴ്‌ച ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.
Read also: ആനക്കയം സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്