അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് ഇന്ന്. രാവിലെ 11.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. ശേഷം 12.30ന് ആയിരിക്കും പ്രാണപ്രതിഷ്‌ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ അയോധ്യയിലെത്തും. കാശിയിലെ പുരോഹിതൻ ലക്ഷ്‌മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്‌ഠാന ചടങ്ങുകൾ ഇന്നലെ പൂർത്തിയായി.
മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് കൃഷ്‌ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്‌ഠ. അഞ്ചു വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്‌ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവന്ത്, ക്ഷേത്ര ട്രസ്‌റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണ് ചടങ്ങ് നടക്കുമ്പോൾ ശ്രീകോവിലിനുള്ളിൽ ഉണ്ടാവുക.
ചടങ്ങൾക്ക് ശേഷം ഒരുമണിയോടെ പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. 8000 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണം. കേരളത്തിൽ നിന്ന് 20 പ്രമുഖരും 22 സന്യാസിമാരും ചടങ്ങിൽ പങ്കെടുക്കും. നാളെ മുതലാണ് പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങിനോട് അനുബന്ധിച്ചു കേരളത്തിൽ 10,000 കേന്ദ്രങ്ങളിൽ ശ്രീരാമ ജൻമഭൂമി ക്ഷേത്ര ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
അതത് സ്‌ഥലങ്ങളിലെ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും ഒരുമിച്ചു ചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ക്ഷേത്ര സങ്കേതങ്ങളിലാണ് പ്രധാനമായും ആഘോഷ പരിപാടികൾ. എല്ലാ സ്‌ഥലങ്ങളിലും അയോധ്യയിൽ നിന്നുള്ള പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ തൽസമയം കാണുന്നതിനായി വലിയ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ പരിപാടികൾ ആരംഭിക്കും. മറ്റു സ്‌ഥലങ്ങളിൽ രാവിലെ 11 മുതലാണ് പരിപാടികൾ. വൈകിട്ട് 50 ലക്ഷം ഭവനങ്ങളിൽ ദീപങ്ങൾ തെളിയിക്കും.
Most Read| ഉറ്റുനോക്കി സർക്കാർ; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി