എറണാകുളം: നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി ഹൈക്കോടതി. ആദ്യം ദുബായിൽ കഴിയുന്ന വിജയ് ബാബു നാട്ടിൽ എത്തട്ടേയെന്നും, അതിന് ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നുമാണ് കോടതി വ്യക്‌തമാക്കിയത്.
അതേസമയം തന്നെ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. ഒപ്പം തന്നെ നടിയുമായുളള വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാൽസംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്.
മാർച്ച് 16ആം തീയതി ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22ആം തീയതി ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയിൽ വ്യക്‌തമാക്കുന്നത്. എന്നാൽ വിജയ് ബാബു ഈ പരാതി നിഷേധിക്കുകയും ചെയ്‌തു. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നതായും, നടി പലതവണയായി പണം കടം വാങ്ങിയതായും വിജയ് ബാബു കോടതിയെ അറിയിച്ചു.
ഒപ്പം തന്നെ പീഡനം നടന്നെന്ന് പറയുന്ന തീയതിക്ക് ശേഷം തന്റെ ഉടമസ്‌ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ എത്തിയ നടി തന്റെ ഭാര്യയോട് സംസാരിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങളുണ്ടെന്നും വിജയ് ബാബു വ്യക്‌തമാക്കി. കൂടാതെ ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്‌ക്ക് വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് താൻ ദുബായിൽ എത്തിയതെന്നും അദ്ദേഹം അറിയിച്ചു.
Read also: കൊച്ചി മെട്രോ; ജൂൺ ഒന്നിന് അധ്യാപകർക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര