വെല്ലുവിളി ഉയർത്തി ‘എച്ച്5 എൻ1’; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

മനുഷ്യരിലേക്ക് ‘എച്ച്5 എൻ1’ വൈറസ് ബാധ പടർന്നാൽ കൊവിഡിനേക്കാൾ നൂറിരട്ടി അപകടസാധ്യത ഉണ്ടാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

By Trainee Reporter, Malabar News
Challenged by 'H5N1'; The World Health Organization expressed concern
Rep. Image
Ajwa Travels

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഓരോ കർഷകന്റെയും നെഞ്ചിൽ ഇടിത്തീ പോലെ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ‘എച്ച്5 എൻ1’ അഥവാ പക്ഷിപ്പനി. ഈ വർഷവും രോഗം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ആലപ്പുഴയിലാണ് ഇത്തവണ പനി സ്‌ഥിരീകരിച്ചത്‌. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിലെ താറാവുകളിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇവയെ കൊന്നൊടുക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയുമാണ്.

പക്ഷിപ്പനിയെന്ന് കേൾക്കുമ്പോൾ അത് പക്ഷികൾക്ക് വരുന്നതല്ലേ, കുറച്ചുനാൾ കോഴിയിറച്ചിയും താറാവിറച്ചിയും മുട്ടയും കഴിക്കാതിരുന്നാൽ പോരേ എന്ന് കരുതി നിസ്സാരമായി തള്ളിക്കളയാൻ വരട്ടെ. പക്ഷിപ്പനി കോഴിക്കും താറാവിനും മാത്രമല്ല, പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നതായി യുഎസിൽ കണ്ടെത്തിയതിനെ തുടർന്ന് ലോക ആരോഗ്യരംഗം ഈ പുതിയ വെല്ലുവിളി എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ്.

മനുഷ്യരിലേക്ക് ‘എച്ച്5 എൻ1’ വൈറസ് ബാധ പടർന്നാൽ കൊവിഡിനേക്കാൾ നൂറിരട്ടി അപകടസാധ്യത ഉണ്ടാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഇത് ഒരു വലിയ ആശങ്കയായി തുടരുന്നുവെന്ന് യുഎൻ ആരോഗ്യ ഏജൻസിയുടെ ചീഫ് സയന്റിസ്‌റ്റ് ജെറമി ഫരാർ ജനീവയിൽ വെച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

2020ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന് കാരണമായി. കാട്ടുപക്ഷികൾ, കരയിലെ സസ്‌തനികൾ എന്നിവയെയും ഇത് ബാധിച്ചിരുന്നു. ഇപ്പോൾ ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അതിവേഗം പകരാനുള്ള കഴിവും വികസിപ്പിക്കുകയാണെന്നും ജെറമി ഫരാർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2023ന്റെ തുടക്കം മുതൽ ഈ വർഷം ഏപ്രിൽ ഒന്ന് വരെ 23 രാജ്യങ്ങളിലായി 889 മനുഷ്യ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 463 മരണങ്ങളും സംഭവിച്ചു.

അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ ‘എച്ച്5 എൻ1’ സാന്നിധ്യം കണ്ടെത്തിയതായി ഈ മാസം ആദ്യം റിപ്പോർട് ചെയ്‌തിരുന്നു. രാജ്യത്ത് ഒരു മനുഷ്യന് പക്ഷിപ്പനി പോസിറ്റീവ് ആയ രണ്ടാമത്തെ കേസ് മാത്രമാണിത്. പലപ്പോഴും പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായെന്ന് വരില്ല. പനി, ചുമ, ശരീരവേദന, ന്യൂമോണിയ, ശ്വാസതടസം, കണ്ണുകളിലെ ചുവപ്പ് നിറം, തൊണ്ടവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ. ഏതാണ്ട് 52 ശതമാനത്തിൽ അധികമാണ് ‘എച്ച്5 എൻ1’ വൈറസ് മരണനിരക്ക്.

Most Read| കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആൻ ടെസ കേരളത്തിൽ തിരിച്ചെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE