ലണ്ടൻ: കൊവിഡിനേക്കാൾ മാരകമായ പുതിയ മഹാമാരി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ‘ഡിസീസ് എക്‌സ്’ (Disease X) എന്ന അജ്‌ഞാത രോഗമാണ് ഭീഷണിയായി ഉയർന്നുവരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. യുകെ വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ് മേധാവിയായിരുന്ന ആരോഗ്യ വിദഗ്‌ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലോകാരോഗ്യ സംഘടനയാണ് പുതിയ രോഗാണുവിന് ‘ഡിസീസ് എക്‌സ്’ എന്ന് പേരിട്ടത്.
1918-20 കാലഘട്ടത്തിൽ പടർന്നുപിടിച്ച സ്‌പാനിഷ് ഫ്‌ളൂ പോലെ കടുപ്പമേറിയതാകും ‘ഡിസീസ് എക്‌സ് എന്നാണ്’ വിലയിരുത്തൽ. അന്ന് ലോകമാകെ 50 ദശലക്ഷം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. അതുപോലെ ഭീകരമാകും ഡിസീസ് എക്‌സ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പുതിയ രോഗാണു വൈറസോ ബാക്‌ടീരിയയോ ഫംഗസോ എന്ന് സ്‌ഥിരീകരണമില്ല. അതേസമയം, രോഗത്തിനെതിരെ ചികിൽസകളൊന്നും നിലവിലില്ലെന്നത് ആശങ്ക ഉളവാക്കുന്നതാണ്.
‘സ്‌പാനിഷ് ഫ്‌ളൂ പോലെ കടുപ്പമേറിയ അവസ്‌ഥ നാം മുന്നിൽക്കാണണം. ഇതുവരെ ഗവേഷകലോകം 25 വൈറസ് കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താത്ത ഒരു ദശലക്ഷത്തിലധികം വേരിയന്റുകളുണ്ട്. ഇവയ്‌ക്കാണെങ്കിൽ ഒരു സ്‌പീഷീസിൽ നിന്ന് രോഗം അടുത്ത സ്‌പീഷീസിലേക്ക് കൈമാറ്റം ചെയ്യാനും സാധിക്കാം’- കേറ്റ് ബിങ്ങാം പറഞ്ഞു.
ഡിസീസ് എക്‌സിനെ നേരിടാൻ കൂട്ട വാക്‌സിനേഷൻ ആവശ്യമാണ്. അത് സമയബന്ധിതമായി നൽകാൻ സാധിക്കണമെന്നും കേറ്റ് സൂചിപ്പിക്കുന്നു. ആധുനിക ജീവിതത്തിനും ലോകക്രമത്തിനും മനുഷ്യർ നൽകുന്ന വിലയാണ് മഹാമാരികളുടെ വർധനയെന്നും അവർ അഭിപ്രായപ്പെട്ടു. ആഗോളവൽക്കരണത്തിന്റെ ഭാഗമായി രാജ്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗങ്ങൾ വേഗത്തിൽ എല്ലായിടത്തുമെത്തും. കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് ചേക്കേറുന്നതും ജനങ്ങളുടെ സമ്പർക്കം കൂടുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്നും കേറ്റ് ബിങ്ങാം കൂട്ടിച്ചേർത്തു.
പനി, രക്‌തസ്രാവം പോലുള്ള പ്രശ്‌നങ്ങളാണ് ഡിസീസ് എക്‌സിൽ കാര്യമായി കാണപ്പെടുന്നതെന്നാണ് നിലവിലുള്ള വിവരം. വൈറസോ ബാക്‌ടീരിയയോ ഫംഗസോ എന്ന് സ്‌ഥിരീകരണമില്ലാത്ത സാഹചര്യത്തിലാണ് രോഗത്തിന് ‘എക്‌സ്’ എന്ന് പേര് നൽകിയിരിക്കുന്നത്.
കൊവിഡിനേക്കാൾ ഇരുപത് ഇരട്ടിയോളം തീവ്രതയുള്ളതും ഉയർന്ന വ്യാപനശേഷിയും മരണസാധ്യതയുമുള്ള രോഗമാണ് ഡിസീസ് എക്‌സ് എന്നാണ് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. കൊവിഡിന്റെ ഭീഷണി ഏറെക്കുറെ കെട്ടടങ്ങിയെന്ന അവസ്‌ഥയിലേക്ക് നമ്മളെത്തുകയാണിപ്പോൾ. ഇതിനിടെയാണ് കൊവിഡിനേക്കാൾ മാരകമായേക്കാമെന്ന സൂചനയോടെ പുതിയ രോഗം ഭീഷണി ഉയർത്തുന്നത്.
Most Read| അടക്കം ചെയ്‌ത ആന്റണി ഔപ്പാടൻ തിരിച്ചെത്തി, തന്റെ ഏഴാം ചരമദിനത്തിൽ!