വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ജസ്‌റ്റിസ്‌ കെമാൽ പാഷക്ക് വിമർശനം

By Desk Reporter, Malabar News
vyttila-over
Ajwa Travels

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്‌ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വീഡിയോകോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി മേൽപ്പാലങ്ങളുടെ ഉൽഘാടനം നിർവഹിച്ചത്. മുടങ്ങിക്കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനമുണ്ടെന്ന് വൈറ്റില മേല്‍പ്പാലം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

18 മാസം കൊണ്ട് പൂര്‍ത്തിയാക്കുക ആയിരുന്നു ലക്ഷ്യം. പദ്ധതി പൂർത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമായതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലം ഉൽഘാടനത്തിന് മുമ്പേ തുറന്നവരെയും പിന്തുണച്ചവരെയും അദ്ദേഹം വിമർശിച്ചു. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്‌ഥത ഉണ്ടാവാം. ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെയാരെയും കണ്ടിട്ടില്ല. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്‌തി നേടുന്നത് ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജസ്‌റ്റിസ്‌ കെമാൽ പാഷയെയും അദ്ദേഹം വിമർശിച്ചു. ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം പാടില്ല. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാനാവരുത് വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ”നീതിപീഠത്തിൽ ഉന്നതസ്‌ഥാനം അലങ്കരിച്ചവരൊക്കെ, ഇത്തരം ചെയ്‌തികൾക്ക് കുട പിടിക്കാൻ ഒരുങ്ങിയാലോ, ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചാലോ, സഹതപിക്കുക മാത്രമേ നിർവാഹമുള്ളൂ. പ്രോൽസാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാൻ വേണ്ട വിവേകം അവർക്കുണ്ടാകട്ടെ”- മുഖ്യമന്ത്രി പറഞ്ഞു.

National News:  ഭന്ദാര ആശുപത്രിയിലെ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ, നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു

വികസനം സാധ്യമാക്കാൻ അടിസ്‌ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായേ തീരൂ. അത്തരം ഉന്നതനിലവാരമുള്ള റോഡുകളും പാലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ഉറപ്പാക്കുമെന്നും, ‘പുതിയ കാലം, പുതിയ നിർമാണം’ എന്ന കാഴ്‌ചപ്പാടാണ് സർക്കാരിന്റേതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

അതേസമയം, കുണ്ടന്നൂർ പാലം പൂർണമായും സംസ്‌ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ ഇവിടെ ടോൾ പിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

രാവിലെ 9.30ഓടെ ഓൺലൈനായാണ് വൈറ്റില പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. 11 മണിയോടെ ആയിരുന്നു കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉൽഘാടനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടിഎം തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിഥിയാണ്‌. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്ന സമയം നിശ്‌ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു പരിഗണിച്ചാണ് എന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.

Also Read:  ജോസ് കെ മാണി എംപി സ്‌ഥാനം രാജി വെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE