കോഴിക്കോട്: നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. കുട്ടിക്ക് ചികിൽസ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം.
നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യഥാസമയം ചികിൽസ കിട്ടിയില്ലെന്നാണ് പരാതി. അതേസമയം സംഭവത്തിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
കുട്ടിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും യഥാസമയം ചികിൽസ കിട്ടിയില്ലെന്നാരോപിച്ച് പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്‌ടർക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് റിപ്പോര്‍ട് സമര്‍പ്പിക്കാൻ നിർദ്ദേശം നല്‍കിയത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് കോഴിക്കോട് ചാത്തമംഗലം മാത്തൂര്‍ സ്വദേശിയായ പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പടെ അഞ്ച് ആശുപത്രികളിലാണ് കുട്ടി ചികിൽസ തേടിയത്. മസ്‌തിഷ്‌ക ജ്വരം ഉള്‍പ്പടെ നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും രോഗം കണ്ടെത്താന്‍ സാധിക്കാത്തത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വീഴ്‌ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
ഇതിനിടെ മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളുടെ നിർബന്ധ പ്രകാരമാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, അങ്ങനെ ആവശ്യപെട്ടിട്ടില്ലെന്നും ആശുപത്രി അധികൃതരുടെ വിശദീകരണം തികച്ചും അടിസ്‌ഥാന രഹിതമാണെന്നും ആരോപിച്ച് കുട്ടിയുടെ മാതാവും രംഗത്തെത്തിയിരുന്നു.
Most Read: പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ