ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാൽസംഗക്കേസില്‍ ജുഡീഷ്യന്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തും. രാജ്യത്തെ ഗാന്ധി, അംബേദ്ക്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്‌ദ സമരം നടത്താനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
സമരത്തില്‍ മുഖ്യമന്ത്രിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരടക്കം പങ്ക് ചേരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം യുപി മുഖ്യമന്ത്രി രാജി വെക്കണം, ഹത്രസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണം എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.
ഹത്രസ് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് കെപിസിസി നേതാക്കളുടെ നേതൃത്വത്തില്‍ സമരം നടത്തും. സമരത്തില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എന്നിവര്‍ യോഗത്തില്‍ പങ്ക് ചേരും.
അഞ്ച് പേരടങ്ങുന്ന സംഘങ്ങളായി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സമരത്തില്‍ നേതാക്കള്‍ പങ്കെടുക്കും. കോവിഡ് നിരീക്‌ഷണത്തിൽ കഴിയുന്നതിനാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമരത്തില്‍ പങ്കെടുക്കും.
Read also : നേച്ചര്‍ പുരസ്‌കാരം; 18 വര്‍ഷത്തിന് ശേഷം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ പാലക്കാട് സ്വദേശി