തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇനി മുതൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്‌ടറുടെ നിർദ്ദേശ പ്രകാരം അടിയന്തിര ഘട്ടങ്ങളിൽ മാത്രമായിരിക്കും ആന്റിജൻ പരിശോധന നടത്തുക.
സംസ്‌ഥാനത്ത് ഒന്നാം ഡോസ് കോവിഡ് വാക്‌സിനേഷൻ നിരക്ക് 90 ശതമാനം ആകുന്ന സാഹചര്യത്തിലാണ് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചത്. കൂടാതെ 65 വയസിന് മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ കണ്ടെത്തി വാക്‌സിൻ ഡ്രൈവ് നടത്താനും ഇന്ന് നടന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കാത്ത ആളുകളിൽ മരണനിരക്ക് കൂടുതലായതിനാൽ ബോധവൽക്കരണ പരിപാടികൾ ശക്‌തമാക്കാനും തീരുമാനമായി.
അതേസമയം ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായി. നവംബർ ഒന്നാം തീയതി മുതലാണ് സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത്. എന്നാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും, ബാറുകളിൽ ഇരുന്ന് മദ്യപിക്കുന്നതിനും അനുമതി നൽകിയിട്ടില്ല. രോഗവ്യാപന സാധ്യത വർധിക്കുന്നത് കണക്കിലെടുത്താണ് ഇവക്ക് അനുമതി നൽകാതിരുന്നത്.
Read also: കുതിരാൻ തുരങ്കത്തിലെ വിള്ളൽ അടയ്‌ക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു