കോവിഡ് കാല തീർഥാടനം; ശബരിമലയിൽ ആരോഗ്യവകുപ്പിന്റെ ആക്ഷൻ പ്ളാൻ

By News Desk, Malabar News
Covid Protocol in sabarimala
Ajwa Travels

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്നവർക്ക് മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ആക്ഷൻ പ്ളാൻ രൂപീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു.

ദശലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിൽ ഇത്തവണ പ്രത്യേക സാഹചര്യം കണക്കാക്കി കർശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് തീർഥാടനം നടത്തുന്നത്. എല്ലാവരും ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

അവശ്യ ചികിൽസാ സേവനങ്ങൾക്കായി വിവിധ ജില്ലകളിൽ നിന്നും ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെ ഇവിടെ വിന്യസിക്കും. അസിസ്‌റ്റന്റ്‌ സർജൻമാർക്ക് പുറമേ കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോ പീഡിക്‌സ് എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർമാരുടെ സേവനങ്ങളും ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാകും. മണ്ഡലകാലത്ത് ആരോഗ്യ വകുപ്പിൽ നിന്ന് ആയിരക്കണക്കിന് ജീവനക്കാരെ വിവിധ കേന്ദ്രങ്ങളിലായി നിയമിക്കും. ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, കോവിഡ് ബ്രിഗേഡ് എന്നിവയിൽ നിന്നാണ് ജീവനക്കാരെ നിയമിക്കുക. സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർമാർ ഒരാഴ്‌ച റൊട്ടേഷനിലും മറ്റ് ജീവനക്കാർ 15 ദിവസം റൊട്ടേഷനിലുമാണ് സേവനമനുഷ്‌ഠിക്കുന്നത്.

പമ്പ മുതൽ സന്നിധാനം വരെയുള്ള കാൽനട യാത്രയിൽ തീർഥാടകർക്ക് നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങി ഹൃദയാഘാതം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിൽസാ കേന്ദ്രങ്ങൾ സ്‌ഥാപിക്കും. സന്നിധാനം, പമ്പ, നിലക്കൽ, ചരൽമേട്, എരുമേലി എന്നീ സ്‌ഥലങ്ങളിൽ വിദഗ്‌ധ സംവിധാനങ്ങളോട് കൂടിയ ഡിസ്‌പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തിര ഓപ്പറേഷൻ തിയേറ്ററും പ്രവർത്തിക്കും.

Also Read: കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ കൈമാറി; സ്വപ്‌നയുടെ മൊഴി

കൂടാതെ, പത്തനംതിട്ട ജനറൽ ആശുപത്രിയിലും എരുമേലി സിഎച്ച്സിയിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സിലും സൗകര്യങ്ങൾ ഒരുക്കി വരികയാണ്. ശബരിമലക്ക് ഏറ്റവും അടുത്തുള്ള മെഡിക്കൽ കോളേജ് എന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ തീർഥാടകർക്കായി വിപുലമായ സൗകര്യം ഒരുക്കും.

വിദഗ്‌ധ വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് സൗജന്യ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലക്കൽ- 6, പമ്പ- 10, ഇലവുങ്കൽ- 1, റാന്നി പെരിനാട്- 1, വടശേരിക്കര- 1, പന്തളം- 1 എന്നിങ്ങനെ 20 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. തീർഥാടകർക്ക് പ്രത്യേക ചികിൽസ ഉറപ്പാക്കാൻ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഏർപ്പാടാക്കിയിട്ടുണ്ട്. കാസ്‌പ് കാർഡുള്ള തീർഥാടകർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിൽസ ലഭ്യമാണ്. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളെ ആശ്രയിക്കാം. കേരളത്തിന് പുറത്ത് നിന്ന് വരുന്ന പിഎംജെഎവൈ കാർഡ് ഉടമകൾക്കും ഈ സേവനം ലഭിക്കും.

Also Read: മുഖ്യമന്ത്രിയുടെ ഓഫീസിൽ ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത്; ചെന്നിത്തല

പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ പല സ്‌ഥലങ്ങളിലായി എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവ സ്‌ഥാപിച്ചിട്ടുണ്ട്. തളർച്ച അനുഭവപ്പെടുന്ന തീർഥാടകർക്ക് ഓക്‌സിജൻ ശ്വസിക്കുവാനും ഫസ്‌റ്റ് എയ്‌ഡിനും ബ്ളഡ് പ്രഷർ ‌‌നോക്കാനുമുള്ള സംവിധാനം ഇവിടെയുണ്ടാകും. ഹൃദയാഘാതം വരുന്ന തീർഥാടകർക്ക് ഓട്ടോമാറ്റഡ് എക്‌സ്‌റ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പടെ പരിശീലനം ലഭിച്ച നഴ്‌സുമാരുടെ 24 മണിക്കൂർ സേവനവും കേന്ദ്രങ്ങളിൽ ലഭ്യമാകും.

ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം ആരോഗ്യ ഡയറക്‌ടർക്കാണ്. കൂടാതെ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടർ, നോഡൽ ഓഫീസർ, അസി. നോഡൽ ഓഫീസർ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

National News: ഫഡ്‌നാവിസ് കുരുക്കിൽ; റിക്രൂട്ട്മെന്റുകളിൽ അഴിമതിയെന്ന് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE