മൂന്നാം തരംഗം നേരിടാൻ തയ്യാറെടുപ്പ്; ജില്ലയിൽ കോവിഡ് അവലോകന യോഗം ചേർന്നു

By Team Member, Malabar News
palakkad covid related news
Ajwa Travels

പാലക്കാട് : ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഊര്‍ജ്‌ജിതമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്‌ടറേറ്റില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തയ്യാറെടുപ്പുകളുടെ ഭാഗമായി ആശുപത്രികളിൽ എല്ലാം അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും, കുട്ടികളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളില്‍ പരമാവധി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്‌സിജന്‍ പ്ളാന്റുകള്‍ സ്‌ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ജില്ലയില്‍ ഡെല്‍റ്റ പ്ളസ് വൈറസ് സ്‌ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും. വൈറസ് സ്‌ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രി വ്യക്‌തമാക്കി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വാക്‌സിനേഷന്‍ വർധിപ്പിക്കും. ഒരു ദിവസം 50,000 ഡോസ് വരെ കുത്തിവെപ്പ് എടുക്കുന്നതിന് ജില്ല പര്യാപ്‌തമാണ്. ട്രൈബല്‍ മേഖലയില്‍ 82 ശതമാനം വാക്‌സിനേഷനും ഇതിനോടകം പൂര്‍ത്തിയായി. കൂടാതെ പ്രവാസികള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സജ്‌ജമാക്കാനും, മറ്റ് സംസ്‌ഥാനങ്ങളില്‍ പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വാക്‌സിനേഷന്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു.

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോവിഡ് ബാധിതരല്ലാത്ത രോഗികൾക്ക് ചികിൽസ നൽകാൻ നടപടിയെടുക്കേണ്ടതാണ്. കൂടാതെ പിഎച്ച്‌സികളിലും സിഎച്ച്‌സികളിലും ഇതിനായി ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. മറ്റ് സംസ്‌ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി.

ജില്ലക്ക് കൂടുതലായി ആവശ്യമുള്ള ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് റിപ്പോര്‍ട് നല്‍കാന്‍ മന്ത്രി കെ കൃഷ്‌ണന്‍കുട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷാഫി പറമ്പില്‍ എംഎല്‍എ, ജില്ലാ കളക്‌ടർ മൃണ്‍മയി ജോഷി, ഡിഎംഒ ഡോക്‌ടർ കെപി റീത്ത, ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read also : സൗദിയിൽ 1,312 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; കൂടുതൽ കേസുകൾ മക്കയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE