പാലക്കാട് : കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതോടെ തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി. നൂറിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഇന്നലെ വാളയാർ അതിർത്തിയിലൂടെ കടന്നു പോയത്. മിനി ലോക്ക്ഡൗണിൽ ആളുകൾ അനാവശ്യ യാത്രകൾ ഒഴിവാക്കിയതോടെ അതിർത്തി നിലവിൽ പതിവ് തിരക്കുകളൊഴിഞ്ഞ നിലയിലാണ്.
തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ പതിവുപോലെ പോലീസിന്റെയും കോവിഡ് പ്രതിരോധ ജോലിയിലുള്ള അധ്യാപകരുടെയും നേതൃത്വത്തിൽ പാസ് പരിശോധനക്ക് ശേഷം കടത്തി വിട്ടു. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് ബസുകളിൽ വരുന്ന യാത്രക്കാർ, അതിഥിത്തൊഴിലാളികൾ എന്നിവരെ വിശദ പരിശോധനക്ക് ശേഷം മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. കൂടാതെ രജിസ്‌ട്രേഷൻ നടത്താതെ എത്തുന്ന ആളുകളെ രജിസ്‌ട്രേഷൻ നടത്തിയ ശേഷം അതിർത്തി കടക്കാനും അനുവദിക്കുന്നുണ്ട്.
അതേസമയം ആംബുലൻസ്, ചരക്കു വാഹനങ്ങൾ, ആശുപത്രികളിലേക്ക് രോഗികളുമായി പോവുന്ന വാഹനങ്ങൾ എന്നിവ പരിശോധനയില്ലാതെ കടത്തി വിടുന്നുണ്ട്. എന്നാൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥർ സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതു പോലും സ്വന്തം പണം കൊടുത്താണെന്നും, പരിശോധനക്ക് നിർദേശമല്ലാതെ മറ്റൊരു സൗകര്യവും ഇല്ലെന്നും ഉദ്യോഗസ്‌ഥർ ആരോപണം ഉന്നയിക്കുന്നുണ്ട്.
Read also : കശ്‌മീരിൽ മഞ്ഞിടിഞ്ഞ് വയനാട് സ്വദേശിയായ സൈനികൻ മരിച്ചു