സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

2015 മുതൽ സിപിഐ സംസ്‌ഥാന സെക്രട്ടറി ആയിരുന്നു. തുടർച്ചയായി മൂന്ന് തവണയാണ് ഈ പദവിയിലെത്തിയത്. മറ്റന്നാൾ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാരം.

By Trainee Reporter, Malabar News
CPI State Secretary Kanam Rajendran passed away

കൊച്ചി: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിൽസയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്‌ഥാന സെക്രട്ടറി ആയിരുന്നു. തുടർച്ചയായി മൂന്ന് തവണയാണ് ഈ പദവിയിലെത്തിയത്.

എന്നാൽ, ആരോഗ്യ കരണങ്ങളാൽ കഴിഞ്ഞ മൂന്ന് മാസത്തോളം അവധിയിലായിരുന്നു. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലെ മുറിവുകളിൽ ഉണ്ടായ അണുബാധയെ തുടർന്ന് പാദം മുറിച്ചുമാറ്റിയിരുന്നു. നിലവിൽ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്.

1950 നവംബർ പത്തിന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വികെ പരമേശ്വരൻ നായരുടെയും ടികെ ചെല്ലമ്മയുടെയും മകനായാണ് ജനനം. കിടങ്ങൂർ സ്വദേശിയായ വാസുദേവൻ നായർക്ക് ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയം കാരൻ കൂടിയാണ് കാനം രാജേന്ദ്രൻ. എഐവൈഎഫിലൂടെയാണ് കാനത്തിന്റെ രാഷ്‌ട്രീയ പ്രവേശനം.

സികെ ചന്ദ്രപ്പൻ 1969ൽ എഐവൈഎഫ് ദേശീയ പ്രസിഡണ്ട് ആയപ്പോൾ സംസ്‌ഥാന സെക്രട്ടറിയായി ചുമതലയേറ്റാണ് കാനം സിപിഐ രാഷ്‌ട്രീയത്തിൽ വരവ് അറിയിച്ചത്. 19ആം വയസിലായിരുന്നു ഇത്. 21ആം വയസിൽ സിപിഐ അംഗമായി. 26ആം വയസിൽ സംസ്‌ഥാന സെക്രട്ടറിയേറ്റിൽ രണ്ടു തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982ലും 87ലും വാഴൂരിൽ നിന്ന് നിയമസഭാ അംഗമായി. തുടർന്ന്, ബർദനൊപ്പം ദേശീയ തലത്തിൽ പ്രവർത്തിച്ചു.

2015ൽ കോട്ടയം സംസ്‌ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയാകുന്നത്. 2018 മലപ്പുറത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പന്ന്യൻ രവീന്ദ്രന്റെ പിൻഗാമിയായി പ്രവർത്തിച്ചു. എഐവൈഎഫ് സംസ്‌ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തോട്ടം മാനേജരായിരുന്ന പിതാവിനൊപ്പം എസ്‌റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കാനം രാജേന്ദ്രൻ വളർന്നത്.

അതുകൊണ്ടുതന്നെ പിൽക്കാലത്ത് നിയമസഭയിൽ നിർമാണ തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യ ബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതൽ കാനം ഊട്ടിയുറപ്പിച്ചിരുന്നു. നല്ല നിയമസഭാ സാമാജികനെന്ന പേരും നേടി. 2015ലും 2018ലും 2022ലും സിപിഐ സംസ്‌ഥാന സെക്രട്ടറിയായി. വനജയാണ് ഭാര്യ. സ്‌മിത, സന്ദീപ് എന്നിവർ മക്കളാണ്. മറ്റന്നാൾ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്‌കാരം.

അതേസമയം, പ്രിയ നേതാവിന്റെ വിയോഗത്തിൽ രാഷ്‌ട്രീയ കേരളം ഒന്നാകെ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ ഐക്യത്തിന്റെ ശക്‌തി സ്‌തംഭങ്ങളിൽ ഒന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

Most Read| ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE