‘രാഷ്‌ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്നു’; ഡിവൈഎഫ്‌ഐ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജനങ്ങളുടെ സമാധാനപരമായ ജീവിതരീതി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടികൾ പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ. സംഘപരിവാർ അജണ്ട അഡ്‌മിനിസ്ട്രേറ്ററിലൂടെ നടപ്പാക്കുകയാണ് കേന്ദ്രം. രാഷ്‌ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം തുറന്നടിച്ചു.

ലക്ഷദ്വീപ് ജനതയെ സംഘപരിവാറിന് വേട്ടയാടാൻ വിട്ടുകൊടുക്കില്ലെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാർഗവും അട്ടിമറിക്കാൻ ഗോവധ നിരോധനം നടപ്പാക്കുന്നു. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്‌ഥാപനങ്ങളോ ഇക്കാര്യം ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ല. ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവരുന്നതിന് പിന്നിൽ ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകർക്കുക എന്ന ലക്ഷ്യമാണ്.

മദ്യ നിരോധനം എടുത്തുകളഞ്ഞു. സർക്കാർ ഓഫീസുകളിലെ തദ്ദേശീയരായ താൽകാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. 38ഓളം അംഗനവാടികൾ അടച്ചുപൂട്ടുകയും ടൂറിസം വകുപ്പിൽ നിന്ന് 190 പേരെ പിരിച്ചുവിടുകയും ചെയ്‌തു. സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാർഗം മീൻപിടുത്തമാണ്. തൊഴിലാളികൾ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്ന് ആരോപിച്ച് പൊളിച്ചുമാറ്റി.

തങ്ങൾ ഭരിക്കുന്ന രാജ്യത്ത് ഒരു സമൂഹത്തെയും ഐക്യത്തോടെയും ഉയർന്ന ജീവിത നിലവാരത്തോടെയും ജീവിക്കാൻ അനുവദിക്കില്ല എന്ന സംഘപരിവാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. രാജ്യത്ത് ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഇത്രയും സമാധാനപ്രിയരും നിഷ്‌കളങ്കരുമായ ജനതയെയാണ് സംഘപരിവാർ വേട്ടയാടുന്നതെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.

വർഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ലക്ഷദ്വീപ് ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി ഇനി മുതൽ മംഗലാപുരത്തെ മാത്രം ആശ്രയിക്കണമെന്ന തീരുമാനവും അഡ്‌മിനിസ്‌ട്രേഷൻ കൈക്കൊണ്ടു. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനുള്ള വർഗീയ നീക്കമാണിത്. ഒരു നാട്ടിൽ നടപ്പാക്കുന്ന നിയമങ്ങളെല്ലാം അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാകണം. ഏകാധിപതിയെ പോലെ നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ ജനവിരുദ്ധ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ കേരളത്തിൽ പ്രതിഷേധം കനക്കുകയാണ്. മലയാള സിനിമാ രംഗത്തെ പ്രമുഖരും ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ സേവ് ലക്ഷദ്വീപ് എന്ന പേരിൽ ഹാഷ്‌ടാഗുകളും സജീവമാണ്.

Also Read: 18-45 വരെ പ്രായമുള്ളവർക്ക് ഓൺ-സൈറ്റ് രജിസ്‌ട്രേഷൻ; നടപടി വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE