പ്രശസ്‌ത വയലിനിസ്‌റ്റ് ടിഎൻ കൃഷ്‌ണൻ വിടവാങ്ങി

By News Desk, Malabar News
Violinist TN Krishnan Passed Away
TN Krishnan
Ajwa Travels

ചെന്നൈ: പ്രശസ്‌ത വയലിനിസ്‌റ്റും പത്‌മഭൂഷൺ ജേതാവുമായ പ്രൊഫ. ടിഎൻ കൃഷ്‌ണൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിനിൽ നാദവിസ്‌മയം തീർത്ത കൃഷ്‌ണൻ രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ഭാഗവതർമഠത്തിൽ എ നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്‌ടോബർ ആറിനാണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവായിരുന്നു സംഗീതത്തിൽ ഗുരു. മൂന്നാംവയസു മുതൽ വയലിൻ പഠിച്ചു തുടങ്ങിയ ഇദ്ദേഹം, ഏഴാം വയസ്സിൽ പൂർണത്രയീശ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് അനവധി വേദികളിൽ കൃഷ്‌ണന്റെ മാന്ത്രികനാദം മുഴങ്ങി. പ്രശസ്‌ത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞ ഡോ.എൻ രാജം ഇദ്ദേഹത്തിന്റെ സഹോദരിയാണ്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, മുസിരി സുബ്രഹ്‌മണ്യയ്യർ, മധുരൈ മണി അയ്യർ തുടങ്ങിയ പ്രമുഖർക്ക് വേണ്ടിവയലിൻ വായിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കർണാടക സംഗീതത്തിലെ വയലിൻ ത്രയങ്ങൾ എന്നറിയപ്പെട്ട മൂവരിൽ ഒരാളാണ് ഇദ്ദേഹം. ലാൽഗുഡി ജയരാമൻ, എം.എസ്. ഗോപാലകൃഷ്‌ണൻ എന്നിവരായിരുന്നു മറ്റ് രണ്ട് പേർ. ചെന്നൈ മ്യൂസിക് അക്കാദമിയിൽ അധ്യാപകനായി ചേർന്ന ഇദ്ദേഹം പ്രിൻസിപ്പലായാണ് വിരമിച്ചത്. ഡെൽഹി യൂണിവേഴ്‌സിറ്റിയിലെ മ്യൂസിക് വിഭാഗം ഡീനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

പത്‌മശ്രീ (1973), പത്‌മഭൂഷൺ (1992), കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (1974) സംഗീത നാടക അക്കാദമി ഫെല്ലോഷിപ് (2006) മദ്രാസ് സംഗീത അക്കാദമി നല്‍കുന്ന സംഗീത കലാനിധി പുരസ്‌കാരം( 1980), ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന സംഗീത കലാശിഖാമണി പുരസ്‌കാരം (1999), ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം (2017) തുടങ്ങിയ നിരവധി അംഗീകരങ്ങൾ ഇദ്ദേഹം നേടി.

പാലക്കാട് നെൻമാറ അയിരൂർ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കൾ: വിജി കൃഷ്‌ണൻ, ശ്രീറാം കൃഷ്‌ണൻ. ശ്രീറാം കൃഷ്‌ണൻ അറിയപ്പെടുന്ന വയലിനിസ്‌റ്റാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE