ഡെറാഡൂൺ: 17 നാൾ നീണ്ട കഠിന ദൗത്യത്തിന് ഒടുവിൽ സന്തോഷകരമായ പരിസമാപ്‌തി. ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങി ആഴ്‌ചകളോളം മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. 17ആം ദിവസമാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തൊഴിലാളികളെ കേന്ദ്രമന്ത്രി വികെ സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി എന്നിവർ ചേർന്ന് സ്വീകരിച്ചു.
തൊഴിലാളികൾ പുറത്തെത്തിയതോടെ തുരങ്കത്തിന് പുറത്ത് ആഹ്ളാദാരവങ്ങൾ ഉയർന്നു. പ്രദേശവാസികൾ മധുരം പങ്കുവെച്ചും സന്തോഷം പങ്കുവെച്ചു. സ്‌ട്രെക്ച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്ക് കയറിയതിന് പിന്നാലെയാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. ഇവർക്ക് പ്രാഥമിക ചികിൽസ നൽകാനായി തുരങ്കത്തിനകത്ത് തന്നെ താൽക്കാലിക ഡിസ്‌പെൻസറി സജ്‌ജമാക്കിയിരുന്നു.
മെഡിക്കൽ പരിശോധന നടത്തിയശേഷം തൊഴിലാളികളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർച്ചയായുള്ള തിരിച്ചടികൾ തരണം ചെയ്‌താണ് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്. ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികളിലേറെയും. ദേശീയ ദുരന്തനിവാരണ സേനയും പോലീസ് ഉദ്യോഗസ്‌ഥരും സംയുക്‌തമായാണ് രക്ഷാദൗത്യം നടത്തിയത്. രക്ഷാപ്രവർത്തനം അതിസങ്കീർണമായിരുന്നു.
Related News| തളരാതെ മുന്നോട്ട്; തൊഴിലാളികളിലേക്ക് എത്താൻ 10 മീറ്റർ കൂടി- ഇന്ന് രക്ഷിക്കാമെന്ന് പ്രതീക്ഷ