ഇറാഖിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; അൻപതോളം രോഗികൾ വെന്തുമരിച്ചു

By News Desk, Malabar News
fire at covid hospital in iraq

ബാഗ്‌ദാദ്‌: ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ നിരവധി രോഗികൾക്ക് ദാരുണാന്ത്യം. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അൻപതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്. ഏറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇന്നലെ രാത്രിയോടെയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അതേസമയം, ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ നിന്ന് കനത്ത പുക ഉയർന്നത് രക്ഷാപ്രവർത്തനത്തിന് തടസമായി.

തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി. നാസിരിയയിലെ ആരോഗ്യ സിവിൽ ഡിഫൻസ് മാനേജർമാരെ സസ്‌പെൻഡ് ചെയ്യാനും അറസ്‌റ്റ്‌ ചെയ്യാനും ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആശുപത്രി മാനേജർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

അപകടം നടന്നതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ നിരവധി പേർ പ്രതിഷേധവുമായി എത്തിയിരുന്നു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മുൻപും ഇറാഖിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ഏപ്രിലിൽ കിഴക്കന്‍ ബാഗ്‌ദാദിലെ ഇബ്നു അൽ ഖാതിബ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ 82ഓളം രോഗികൾക്കാണ് ജീവൻ നഷ്‌ടമായത്. ഇവിടെയും ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടകാരണമായി അധികൃതർ ചൂണ്ടിക്കാട്ടിയത്.

Also Read: പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE