തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് പ്രൗഢ ഗംഭീരമായ സമാപനം. മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്‌ത സ്വീഡിഷ് ചിത്രം ‘ക്ളാര സോള’ സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള രജതചകോരം ‘കാമില കംസ് ഔട്ട് ടുനൈറ്റ്’ ലൂടെ ഇനെസ് മരിയ ബരിനേവോ നേടി.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അൽവാരെസിനാണ്. പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്‌ത തമിഴ് ചിത്രം ‘കൂഴങ്കൽ’ നേടി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, രാജ്യാന്തര മൽസര വിഭാഗത്തിലെ ജൂറി പുരസ്‌ക്കാരം എന്നിവയാണ് കൂഴങ്കൽ നേടിയ മറ്റ് അംഗീകാരങ്ങൾ.
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ദിനാ അമർ സംവിധാനം ചെയ്‌ത ‘യു റീസെമ്പിൽ മി’ തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷന്ദ് സംവിധാനം ചെയ്‌ത ആവാസ വ്യൂഹമാണ്.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്എ- കെആർ മോഹനൻ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്‌ത ‘അയാം നോട്ട് ദി റിവർ ഝല’വും മലയാള ചിത്രമായ ‘നിഷിദ്ധോ’യും അർഹമായി (സംവിധായിക താരാ രാമാനുജൻ). മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കൃഷന്ദ് സംവിധാനം ചെയ്‌ത ‘ആവാസ വ്യൂഹം’ നേടി.
Read Also: മരിയുപോളിലെ റഷ്യൻ ആക്രമണം; 300ലധികം പേർ കൊല്ലപ്പെട്ടതായി യുക്രൈൻ