മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തുന്നുണ്ട്. കടകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചിട്ടുണ്ട്. വഴിയരികിലെ താൽക്കാലിക കടയിൽ നിന്ന് തണ്ണിമത്തൻ ജ്യൂസ് കുടിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ജ്യൂസുണ്ടാക്കാൻ ഉപയോഗിച്ച വെള്ളമോ തണുപ്പിക്കാൻ ഉപയോഗിച്ച ഐസോ ആയിരിക്കാം വിഷബാധയ്‌ക്ക് കാരണമെന്നാണ് തിരുന്നാവായ ആരോഗ്യകേന്ദ്രം സന്ദർശിച്ച ജില്ലാ മെഡിക്കൽ ഓഫിസർ ആർ രേണുക അറിയിച്ചിരിക്കുന്നത്. ജില്ലയിലെ തിരുന്നാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുത്ത 200ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയുമായി 200 ഓളം പേർ ചികിൽസ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധ കണ്ടെത്തിയത്.
മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവർക്കാണ് തണ്ണിമത്തൻ ജ്യൂസിലൂടെ വിഷബാധയേറ്റത്. തിരുന്നാവായ പഞ്ചായത്തിൽ മാത്രം അമ്പതോളം പേർ ചികിൽസയിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ചു ഒട്ടേറെ താൽക്കാലിക കടകളും തുറന്നിരുന്നു. തണ്ണിമത്തൻ ജ്യൂസായിരുന്നു പ്രധാനമായും വിറ്റഴിച്ചിരുന്നത്. ഇത് കുടിച്ച ശേഷം പനി. ഛർദി, വയറിളക്കം മുതലായവ അനുഭവപെട്ടവരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്.
Most Read: പൊൻമുടി കെഎസ്ഇബി ഭൂമി വിവാദം; റവന്യൂ വകുപ്പിന് എതിരെ സിപിഎം