ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വർഷം; വിചാരണ വൈകുന്നു

By Desk Reporter, Malabar News
Gauri Lankesh Murder; The first phase of the trial will end today
Ajwa Travels

ന്യൂഡെൽഹി: മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെ തോക്കിൻമുന നീണ്ട ‘കറുത്ത ദിനത്തിന്’ ഇന്നേക്ക് നാല് വർഷം. മാദ്ധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വ സംഘടനയായ സനാദന്‍ സന്‍സ്‌തയുടെ പ്രവർത്തകർ വെടിവച്ച് കൊലപ്പെടുത്തിയത് നാല് വർഷം മുൻപുള്ള ഇതേ ദിവസമായിരുന്നു. ഹിന്ദുത്വ തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്റെ ദിനമായാണ് പൗരാവകാശ പ്രവര്‍ത്തകര്‍ ഈ ദിവസത്തെ ആചരിക്കുന്നത്. കേസിൽ 19 പേര്‍ അറസ്‌റ്റിലായെങ്കിലും കേസിലെ വിചാരണ വൈകുകയാണ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.

പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മോഹന്‍ നായിക്കിനെ സംഘടിത കുറ്റകൃത്യം തടയല്‍ നിയമത്തില്‍ നിന്ന് കര്‍ണാടക ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സഹോദരി കവിതാ ലങ്കേഷ് നല്‍കിയ ഹരജി ഈ മാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും.

പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്ക് അപ്പുറം കോടതിയില്‍ നിന്നുള്ള നീതി വൈകുന്നതിന്റെ ആശങ്കയിലാണ് കുടുംബം. വിചാരണ നടപടികള്‍ നീളുന്നതില്‍ ആശങ്കയുണ്ടെന്ന് സഹോദരി കവിതാ ലങ്കേഷ് പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാവുകയാണെന്നും കവിത കൂട്ടിച്ചേർത്തു.

ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ ജീവനെടുത്ത അതേ സംഘടനയായ സനാദന്‍ സന്‍സ്‌തയാണ് ഗൗരി ലങ്കേഷിന്റെ നേർക്കും നിറയൊഴിച്ചത്. 2017 സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടിൽ ഗൗരി ലങ്കേഷ് പിടഞ്ഞുവീണപ്പോൾ ചോദ്യം ഉയർന്നത് രാജ്യത്തെ മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു. ലങ്കേഷ് പത്രിക ഓഫിസിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ അക്രമികൾ വച്ച വെടി ഗൗരി ലങ്കേഷിന്റെ കഴുത്തിലും നെഞ്ചിലും തലയിലും തുളച്ചു കയറി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാവുകയാണെന്ന സൂചനയാണ് ഗൗരി ലങ്കേഷിന്റെ വധം തന്നത്.ലങ്കേഷ് പത്രികയിലെ ഗൗരിയുടെ എഴുത്ത് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. മതത്തെ സംരക്ഷിക്കാനാണ് കൊല നടത്തിയത് എന്നാണ് ബൈക്കിലെത്തി ഗൗരിക്കുനേരെ വെടിയുതിര്‍ത്ത പരുശുറാം വാഗമോറെ പറഞ്ഞത്.

2017ൽ ഗൗരി കൊല്ലപ്പെടുമ്പോൾ, മാദ്ധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 136ആം സ്‌ഥാനത്തായിരുന്നു. നാല് വർഷത്തിന് ശേഷം രാജ്യം സൂചികയിൽ 142ആം സ്‌ഥാനത്തേക്ക് തരംതാഴ്‌ത്തപ്പെട്ടു. ജീവിച്ചിരുന്നപ്പോൾ ഗൗരിയുടെ സുരക്ഷയെക്കുറിച്ച് താൻ ഭയപ്പെട്ടിരുന്നതായി കവിത ലങ്കേഷ് പറഞ്ഞു. മരിക്കുമ്പോൾ അവൾക്കെതിരെ 80 പോലീസ് കേസുകൾ ഉണ്ടായിരുന്നു. അവൾ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഇനിയും എത്ര കേസുകൾ അവളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുമായിരുന്നു? ഒരുപക്ഷെ വരവര റാവു, സുധ ഭരദ്വാജ് തുടങ്ങി എണ്ണമറ്റ മറ്റുള്ളവരെപ്പോലെ അവളും ഇന്ന് ജയിലിൽ കഴിയേണ്ട അവസ്‌ഥയും വരുമായിരുന്നു; കവിത പറഞ്ഞു.

Most Read:  സുവേന്ദു അധികാരി ഹാജരാകണം; സിഐഡിയുടെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE