അര ലക്ഷത്തോളം കോവിഡ് രോഗികൾക്ക് സൗജന്യ ചികിൽസ; അഭിമാനത്തോടെ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രജിസ്‌റ്റര്‍ ചെയ്‌ത സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (SHA) ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിക്കാലത്തും തടസമില്ലാതെ ശ്രദ്ധേയമായ സേവനം നല്‍കിയ എസ്‌എച്ച്‌എയുടെ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

സംസ്‌ഥാനത്ത് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ഇതുവരെ 709 ആശുപത്രികളാണ് എസ്‌എച്ച്‌എയുടെ ഭാഗമായി സൗജന്യ ചികിൽസ ലഭ്യമാക്കി വരുന്നത്. 41.6 ലക്ഷം കുടുംബങ്ങള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്. 3 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്‌എച്ച്‌എ വഴി സംസ്‌ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്നുവെന്നും മന്ത്രി വ്യക്‌തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 10.4 ലക്ഷം സൗജന്യ ചികിൽസയാണ് എസ്‌എച്ച്‌എ ലഭ്യമാക്കിയത്. ഇതിനായി 804 കോടി രൂപ സംസ്‌ഥാന സര്‍ക്കാര്‍ ചെലവഴിച്ചു. പദ്ധതി ആരംഭിച്ച 2019 ഏപ്രില്‍ മാസം മുതല്‍ ഇതുവരെ 22.1 ലക്ഷം സൗജന്യ ചികിൽസ ലഭ്യമാക്കി. ഇതിനായി 1,593 കോടി രൂപ സംസ്‌ഥാന സര്‍ക്കാര്‍ ചെലവിട്ടു. കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനായി 263 സ്വകാര്യ ആശുപത്രികള്‍ എസ്‌എച്ച്‌എയുമായി എംപാനല്‍ ചെയ്‌തു. അരലക്ഷത്തോളം കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിൽസ ലഭ്യമാക്കി. ഈ ഇനത്തില്‍ 132.61 കോടി രൂപ ചെലവഴിച്ചു.

2020 ജൂലൈ 1 മുതല്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നേരിട്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന ചികിൽസാ ചെലവ് പരിഹിക്കാനായുള്ള ഒരു നിര്‍ണായക ചുവടുവെപ്പാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. എസ്‌എച്ച്‌എയുടെ രൂപീകരണത്തിന് ശേഷം കേരളത്തിലെ എല്ലാ എംപാനല്‍ ആശുപത്രികളിലും ഹൈടെക് കിയോസ്‌കുകള്‍ സജ്‌ജമാക്കി വരുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാര്‍ഡ് രജിസ്‌ട്രേഷന്‍ മുതല്‍ ഡിസ്‌ചാര്‍ജ് വരെയുള്ള എല്ലാ സേവങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിപ്പുകളും കൂടാതെ അര്‍ഹരായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്‌താക്കളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് ഇ കാര്‍ഡ് നല്‍കുവാനും കിയോസ്‌കുകള്‍ സഹായകരമാകുന്നു. നിലവില്‍ അംഗങ്ങളായ 709 ആശുപത്രികളിലായി 2000ത്തോളം മെഡിക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുൻപ് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തി ചില അധിക സഹായ വ്യവസ്‌ഥകള്‍ കൂട്ടിച്ചേര്‍ത്താണ് കാരുണ്യ ബെനവലന്റ് ഫണ്ട് എസ്‌എച്ച്‌എ നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് 2 ലക്ഷം രൂപയുടെ വരെ ചികിൽസാ സഹായം ഇതിലൂടെ ലഭ്യമാകും. വൃക്ക രോഗികള്‍ക്ക് 3 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിൽസയാണ് അനുവദിക്കുന്നത്. കാന്‍സര്‍, ഹൃദ്രോഹം, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ഹീമോഫീലിയ തുടങ്ങിയവക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി 263ഓളം സ്വകാര്യ ആശുപത്രികളെ കോവിഡ് ചികിൽസക്ക് മാത്രമായി എംപാനല്‍ ചെയ്‌തു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് നിജപ്പെടുത്തി. ഈ ആശുപത്രികളിലായി 12,852 കിടക്കകള്‍ കോവിഡ് ചികിൽസക്ക് മാത്രമായി കണ്ടെത്തി. കൂടാതെ 2094 ഐസിയു കിടക്കകളും 1035 വെന്റിലേറ്ററുകളും കോവിഡ് രോഗികള്‍ക്ക് മാത്രമായി കണ്ടെത്തുകയും ചെയ്‌തു. സ്വകാര്യ ആശുപത്രികളില്‍ കൂടി കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ വാക്‌സിനേഷന്റെ മാര്‍ഗ നിര്‍ദ്ദേശവും പരിശീലനവും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് നല്‍കിയത്.

Also Read: മീ ടു വിവാദം; ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE