ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തിങ്കളാഴ്‌ച പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 4 മുതൽ 4.10 രൂപയുടെ വർധനവാണ് ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്നത്.
ഇതോടെ ഡെൽഹിയിൽ പെട്രോൾ വില ലിറ്ററിന് 99.11 രൂപയിൽ നിന്ന് 99.41 രൂപയായി ഉയർന്നു. ഡീസൽ നിരക്ക് ലിറ്ററിന് 90.42 രൂപയിൽ നിന്ന് 90.77 രൂപയായും കൂടി. രാജ്യത്തുടനീളം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ തോതനുസരിച്ച് ഓരോ സംസ്‌ഥാനത്തിനും നിരക്കിൽ വ്യത്യാസമുണ്ട്.
നാലര മാസത്തെ നീണ്ട ഇടവേള കഴിഞ്ഞ് മാർച്ച് 22ന് നിരക്ക് വർധിപ്പിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ആറാമത്തെ മാറ്റമാണ് ഇന്ന് വിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വർധിച്ചത്. അതിന് മുൻപത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വർധിപ്പിച്ചിരുന്നു. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വർധിക്കാൻ ഇത് കാരണമാകും.
അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്‌ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
Most Read: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി