ന്യൂഡെൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്‌റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. (Gaganyaan Mission In ISRO) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിക്കാണ് വിക്ഷേപണം നടന്നത്. അനിശ്‌ചിതത്വത്തിന് ഒടുവിലാണ് വിക്ഷേപണം പൂർത്തിയായത്.
രാവിലെ എട്ടുമണിക്ക് നിശ്‌ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്‌ഥയെ തുടർന്ന് വൈകിപ്പിക്കുകയും പിന്നീട് 8.45ന് വിക്ഷേപണം നടത്താനുള്ള ശ്രമം അവസാന അഞ്ചു സെക്കൻഡിൽ ജ്വലന പ്രശ്‌നങ്ങൾക്കിടെ നിർത്തിവെക്കുകയും ചെയ്‌തിരുന്നു. പ്രശ്‌നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയിക്കാമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് മണിക്ക് ഇസ്രോ വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങുകയും ദൗത്യം വിജയകരമായി പൂർത്തിയാക്കിയതും.
വിക്ഷേപണ ശേഷം 1.66 സെക്കൻഡിൽ ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂൾ വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപെട്ട് പാരച്ചൂട്ടിന്റെ സഹായത്തോടെ ബംഗാൾ ഉൾക്കടലിൽ സുരക്ഷിതമായി പതിച്ചു. ഗഗൻയാൻ പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണമാണിത്. റോക്കറ്റ് ലോഞ്ച് പാഡിൽ ഇരിക്കുന്നത് മുതൽ ഓർബിറ്റിൽ എത്തുന്നതുവരെ ഏത് സമയത്തും പരാജയം സംഭവിക്കാം. ആ പരാജയത്തെ അതിജീവിക്കാൻ പലഘട്ടങ്ങളിലായി ടെസ്‌റ്റ് നടത്തേണ്ടതുണ്ട്.
നാലു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷണങ്ങളുടെ ആദ്യഘട്ട ടെസ്‌റ്റാണ് ഇന്ന് നടന്നത്. വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിന് മുൻപ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ആദ്യത്തെ പരീക്ഷണമാണിത്.
പ്രത്യേകമായി വികസിപ്പിച്ചെടുത്ത സിംഗിൾ സ്‌റ്റേജ് ലിക്വിഡ് റോക്കറ്റാണ് പരീക്ഷണ വാഹനമായി ഉപയോഗിക്കുക. 16.09 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോൾ ദൗത്യം റദ്ദാക്കിയതായി അറിയിപ്പ് എടുത്തുന്നതോടെ ക്രൂ മൊഡ്യൂൾ താഴേക്കെത്താനുള്ള നടപടി തുടങ്ങും. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെ കരയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വീഴുന്ന ക്രൂ മൊഡ്യൂൾ നാവികസേനാ സംഘത്തിന്റെ സഹായത്തോടെ ബോട്ടിൽ കരയിലെത്തിക്കും. വിക്ഷേപണം കഴിഞ്ഞു എട്ടു മിനിട്ടിനുള്ളിൽ ദൗത്യം പൂർത്തിയാകും.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം