മലപ്പുറം: കാണാതായ എഎസ്‌പി ബറ്റാലിയൻ അംഗമായ പോലീസുകാരനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശിയായ മുബഷീറിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിൽ നിന്ന് വെള്ളിയാഴ്‌ചയാണ് മുബഷീറിനെ കാണാതായത്. ഇദ്ദേഹം വയനാട്ടിൽ ആയിരുന്നുവെന്നാണ് മൊഴി നൽകിയിരുന്നത്.
പോലീസുകാരനെ അരീക്കോട് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. കാണാതായ മുബഷീർ തമിഴ്‌നാട്ടിലാണെന്ന് സൂചന ലഭിച്ചതായി നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഭർത്താവിനെ മാനസിക ആഘാതം ഏൽപ്പിച്ച ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണമെന്ന് ഭാര്യ ഷാഹിന വടകര റൂറൽ എസ്‌പിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു.
നേരത്തെ മേലുദ്യോഗസ്‌ഥരുടെ മാനസിക പീഡനത്തെ കുറിച്ച് തന്നോട് സംസാരിച്ചുവെന്നും മുബഷീറിന്റെ ഭാര്യ പറഞ്ഞു. കഴിഞ്ഞ നാലര വർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്‌ഥനാണ് മുബഷീർ. ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്‌ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബഷീറിന്റെ കത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ചില ഉദ്യോഗസ്‌ഥരുടെ പേരും കത്തിൽ എടുത്ത് പറയുന്നുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ചു ഉന്നത ഉദ്യോഗസ്‌ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. അതിന് ശേഷം തന്നെ ദ്രോഹിക്കുകയാണ്. തനിക്ക് നീതി കിട്ടില്ല എന്നുറപ്പായതോടെ താൻ ജോലി ഉപേക്ഷിച്ച് സ്വയം പോവുകയാണെന്നും കത്തിലുണ്ട്. സംഭവത്തിൽ അരീക്കോട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Most Read: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്