ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പര്യാപ്‌തമല്ലെന്നും വെള്ളിയാഴ്‌ച ആരംഭിച്ച പ്രക്ഷോഭത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ജന്തര്‍ മന്ദറില്‍ വെള്ളിയാഴ്‌ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
എത്രയും വേഗം പ്രതികളെ തൂക്കിലേറ്റാന്‍ കൈകള്‍ കൂപ്പി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്നും ഇതുപോലുള്ള കുറ്റകൃത്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവര്‍ക്ക് ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
യുപി മുഖ്യമന്ത്രി രാജിവെക്കുകയും പെണ്‍കുട്ടിക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഇന്ത്യാ ഗേറ്റിന് സമീപം ആളുകള്‍ ഒത്തുകൂടുന്നതിന് ഡെല്‍ഹി പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയതിനാലാണ് പ്രക്ഷോഭം ജന്തര്‍ മന്ദറിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
യുപി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മാത്രവുമല്ല ഇത്തരം ഹീനമായ കുറ്റകൃത്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനവും യുപി സര്‍ക്കാരിന്റെ പ്രതികരണവുമെല്ലാം ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തെയും ജനാധിപത്യ വിരുദ്ധതയെയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Related News: തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, ഇന്ന് വീണ്ടും ഹത്രസിലേക്ക്