ന്യൂഡെൽഹി: യുപിയിലെ ഹത്രസിൽ പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് കുടുംബം. കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയിൽ എത്തിയത്. സിബിഐ അന്വേഷണത്തിന്റെ മേൽനോട്ടം സുപ്രീം കോടതി വഹിക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
Also Read: ഹത്രസ്; എ ഡി ജി പിയെ ശാസിച്ച് അലഹബാദ് ഹൈക്കോടതി
പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് സർക്കാർ എതിരല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. എന്നാൽ, കേസ് അന്വേഷണത്തിന്റെ മേൽനോട്ടം ഹൈക്കോടതി വഹിക്കട്ടെ എന്നാണ് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെയുടെ നിലപാട്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ സുപ്രീം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഹത്രസ് കുടുംബാംഗങ്ങൾക്ക് മാദ്ധ്യമങ്ങളോട് സംസാരിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസ് അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്ക് വെക്കുന്നതിന് വിലക്കില്ലെന്നും കോടതി അറിയിച്ചു.
അതേസമയം, കേസ് നിർണായക വഴികളിലൂടെയാണ് കടന്ന് പോകുന്നത്. പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്‌ടമായെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ എത്തിയപ്പോഴാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.