റിയാദ്: സൗദിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കൾ പിടിച്ചെടുത്തു. 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കളാണ് ഇത്തരത്തിൽ പിടിച്ചെടുത്തതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നടന്നുവരുന്ന പതിവ് പരിശോധനകളുടെ ഭാഗമായി ജിദ്ദയിലെ ഒരു വെയര്‍ ഹൗസിൽ എത്തിയപ്പോഴാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കളുടെ വന്‍ശേഖരം ഉദ്യോഗസ്‌ഥർ കണ്ടെത്തിയത്.
പിടിച്ചെടുത്ത സാധനങ്ങളില്‍ പലതും എവിടെ നിന്ന് കൊണ്ടു വന്നതാണെന്ന വിവരമുണ്ടായിരുന്നില്ല. ഭക്ഷ്യ വസ്‍തുക്കള്‍ കേടായി ഉപയോഗശൂന്യമായ നിലയിലായിരുന്നു. ഉയര്‍ന്ന താപനിലയില്‍ സൂക്ഷിച്ചതാണ് ഇവ നശിച്ചുപോകാന്‍ കാരണമായത്. മറ്റ് നിരവധി സാങ്കേതിക, ആരോഗ്യ നിയമലംഘനങ്ങളും ഇവിടെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
വൃത്തിഹീനമായ സാഹചര്യം, എലികളുടെയും മറ്റും അവശിഷ്‌ടങ്ങള്‍, ചില സാധനങ്ങളില്‍ പ്രാണികളുടെ സാന്നിധ്യം, ശരിയായി സൂക്ഷിക്കാത്തതിനാല്‍ കേടുവന്ന ഭക്ഷ്യ വസ്‍തുക്കള്‍ തുടങ്ങിയവയൊക്കെ പരിശോധനയില്‍ കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു. ഗോഡൗണിന്റെ ചുമതലക്കാരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്‌തമാക്കി.
Most Read: ‘പരസ്യമായി തൂക്കിലേറും’; അഴിമതി കേസിൽ നിലപാട് ആവർത്തിച്ച് അഭിഷേക് ബാനര്‍ജി