കൊല്‍ക്കത്ത: അഴിമതി കേസില്‍ നിലപാട് ആവർത്തിച്ച് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളിൽ താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറുമെന്നാണ് അഭിഷേക് പറഞ്ഞത്. കേസിൽ ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 21ന് ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അഭിഷേകിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്‌ച ഡെല്‍ഹിയില്‍ ഹാജരാകാന്‍ നിർദ്ദേശം നൽകിയിരുന്നു എങ്കിലും ഇത്രയും ചെറിയ സമയത്തിനുള്ളില്‍ യാത്ര ചെയ്‌ത് എത്താന്‍ സാധിക്കില്ല എന്നായിരുന്നു ബാനര്‍ജിയുടെ നിലപാട്. കഴിഞ്ഞ സെപ്റ്റംബര്‍ 6ന് ഡെല്‍ഹിയിലെ ജാം നഗര്‍ ഹൗസില്‍ വെച്ച് എട്ടു മണിക്കൂറിലേറെ ഇദ്ദേഹത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു.
‘നേരത്തെപറഞ്ഞ കാര്യം ഞാന്‍ ആവര്‍ത്തിക്കുകയാണ്, ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ ഇടപാടില്‍ എന്റെ പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞാല്‍ പരസ്യമായി സ്വയം തൂക്കിലേറും’- അഭിഷേക് ബാനര്‍ജി പറഞ്ഞു. ബെംഗയിലെ സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ (ഇസിഎല്‍) അനധികൃത കല്‍ക്കരി ഖനനം, കല്‍ക്കരി മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാനാണ് അഭിഷേകിനെ വിളിപ്പിച്ചിരിക്കുന്നത്.
Read also: കാഞ്ചീപുരം കൂട്ടബലാൽസംഗം; അഞ്ചാം പ്രതിയും പിടിയിൽ